-->
ആലപ്പുഴ: ഐ.എഫ്.എഫ്.കെ. രാജ്യാന്തര ചലച്ചിത്രമേളയെ തകര്‍ക്കാന്‍ ബോധപൂര്‍മായ ശ്രമമാണെന്നും കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍. ചലച്ചിത്രമേളയിലെ 19 സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രനടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പങ്കാളിത്തം ഏറെയുള്ള ചലച്ചിത്രമേളയിലെ ലോകപ്രശസ്‌ത്രമായ ക്ലാസിക്കല്‍ സിനിമകള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടി ഒതുക്കുകയാണ്.
പാലസ്‌തീന്‍ സിനിമകള്‍ കാണിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ലോകപ്രശസ്‌ത്രമായ പാലസ്‌തീന്‍ ക്ലാസിക്കല്‍ സിനിമയുടെ ഉള്ളടക്കം രാജ്യവിരുദ്ധമാണെന്നും മനുഷ്യന്റെ സ്വഭാവരൂപവത്‌കരണത്തില്‍ തകരാറുണ്ടാക്കുമെന്നുമാണ് പറയുന്നത്. സിനിമ കാണാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുന്ന രീതിയാണിത്.
187 സിനിമകളുടെ പേരുകള്‍ ആദ്യംതന്നെ കൊടുത്തപ്പോള്‍ മുഴുവനും തള്ളി. ആവശ്യകത വിശദീകരിച്ച് മറുപടി നല്‍കിയപ്പോള്‍ 154 സിനിമകള്‍ക്ക് കൂടി അനുമതി നല്‍കി. എല്ലാതരത്തിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുകയാണ്. കേന്ദ്രത്തിന്റെ ഇത്തരം ഇടപെടലുകളെ എതിര്‍ക്കണം. സിനിമയുടെ സാങ്കേതിക മികവ്, ആ സിനിമ നിര്‍മിച്ച സാമൂഹിക അന്തരീക്ഷം, രാഷ്‌ട്രീയ വീക്ഷണം, മൗലികമായ പ്രസക്‌തി എന്നിവ പുതിയതലമുറക്ക് പഠിക്കാനാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് എല്ലാസിനിമകളും കാണാനുള്ള മൗലികമായ അവകാശം സാധ്യമാക്കണം. സാംസ്‌കാരിക പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നത് അങ്ങേയറ്റം ദു:ഖകരമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.