Sunday, March 15, 2026 Last Updated 36 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.39 PM

ബി.ജെ.പി ഭരണം പിടിച്ച നീലംപേരൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം, സി.പി.എം. ജില്ലാ പഞ്ചായത്ത്‌ സ്‌ഥാനാര്‍ഥിക്ക്‌ തലയ്‌ക്ക്‌ അടിയേറ്റു

uploads/news/2025/12/816382/k4.jpg

കുട്ടനാട്‌: ബി.ജെ.പി. ഭരണം പിടിച്ച നീലംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്ത്‌ സ്‌ഥാനാര്‍ഥിക്ക്‌ അടിയേറ്റ്‌ തലയ്‌ക്ക്‌ പരുക്ക്‌. സി.പി.എം. കുട്ടനാട്‌ ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത്‌ വെളിയനാട്‌ ഡിവിഷന്‍ സ്‌ഥാനാര്‍ഥിയുമായിരുന്ന കൈനടി സ്വദേശി കെ.ആര്‍ രാംജിത്തിനാണ്‌ പരുക്കേറ്റത്‌. കിഴക്കേചേന്നങ്കരിയില്‍ കഴിഞ്ഞ 15 നു രാത്രി ഒന്‍പതിനായിരുന്നു സംഭവം.
തദ്ദേശ സ്വയംഭരണ സ്‌ഥാപന തെരഞ്ഞെടുപ്പില്‍ നീലംപേരൂരില്‍ എല്‍.ഡി.എഫില്‍ നിന്ന്‌ ഭരണം പിടിച്ചെടുത്ത ബി.ജെ.പി. ആഹ്ലാദപ്രകടനം നടത്തിയതിനിടയില്‍ ഏതാനും പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ പത്താം വാര്‍ഡിലെ സി.പി.എം. സ്‌ഥാനാര്‍ഥിയായിരുന്ന രേണുക മേനോന്റെ വീടിന്റെ മുറ്റത്തേക്ക്‌ പടക്കമെറിയുകയും ഭീതി പരത്തുകയും ചെയ്‌തതായും ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ എത്തിയ രാംജിത്ത്‌ ഉള്‍പ്പെടെയുള്ള സി.പി.എം. പ്രവര്‍ത്തകരുമായി വാക്കു തര്‍ക്കമുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന്‌ സി.പി.എം. പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതിനിടെ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ ദണ്ഡ്‌ കൊണ്ട്‌ രാംജിത്തിന്റെ തലയ്‌ക്ക്‌ അടിച്ചെന്നാണ്‌ കേസ്‌. എന്നാല്‍ സി.പി.എം. സ്‌ഥാനാര്‍ഥി രേണുകയുടെ വീട്ടുകാരും സമീപത്തെ സി.ഐ.ടി.യു പ്രവര്‍ത്തകന്റെ വീട്ടുകാരുമായി വോട്ടിനെ ചൊല്ലിയുണ്ടായ വഴക്ക്‌ സംഘര്‍ഷാവസ്‌ഥയിലെത്തിയപ്പോള്‍ പോലീസ്‌ എത്തി പരിഹരിച്ചതാണെന്നും രാത്രിയില്‍ ഇവിടെ കടന്നുവന്ന സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമണത്തിന്‌ തുനിഞ്ഞപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചതാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു. രാംജിത്തിന ആദ്യം ചങ്ങനാശേരി താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്ക്‌ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന്‌ എട്ടോളം സ്‌റ്റിച്ച്‌ വേണ്ടിവന്നു. അപകട നില തരണം ചെയ്‌ത രാംജിത്തിനെ പിന്നീട്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ സനോജ്‌, നിധീഷ്‌, അഭിജിത്‌, സുരേഷ്‌ കുമാര്‍, ഋഷികേഷ്‌ എന്നിവരെ കൈനടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Tuesday 16 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW