-->
കൊച്ചി: മസാല ബോണ്ടിലൂടെ കിഫ്‌ബി ഫണ്ട് സമാഹരിച്ചതില്‍ വിദേശനാണ്യവിനിമയച്ചട്ടത്തിന്റെ (ഫെമ) ലംഘനം ആരോപിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി നാലുമാസത്തേക്ക് സ്‌റ്റേ ചെയ്‌തു.
ഇ.ഡി. റിപ്പോര്‍ട്ട് ചോദ്യംചെയ്‌ത് കിഫ്‌ബി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ജസ്‌റ്റിസ് വി.ജി. അരുണ്‍ വിലയിരുത്തി. തുടര്‍ന്നാണ്, റിപ്പോര്‍ട്ടിന്മേലുള്ള നടപടികള്‍ തത്‌കാലം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടത്. കിഫ്‌ബിക്കെതിരേ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി അയച്ച കാരണം കാണിക്കല്‍ നോട്ടീസിലെ നടപടികളാണ് മരവിപ്പിച്ചത്. ഇതോടെ, നോട്ടീസിനു മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കും കിഫ്‌ബിയും അടിയന്തരമായി മറുപടി നല്‍കേണ്ട ബാധ്യതയില്‍നിന്ന് തത്‌കാലം ഒഴിവായി. കിഫ്‌ബിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഇ.ഡി. ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയച്ചു. സ്‌റ്റേ ഉത്തരവ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയുടെ തുടര്‍നടപടികളെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും കോടതി തള്ളിക്കളഞ്ഞു. ഏറെ വിവാദമായ മസാല ബോണ്ട് കേസ് സംസ്‌ഥാനസര്‍ക്കാരിനെതിരേ പ്രതിപക്ഷം ശക്‌തമായ ആയുധമാക്കിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസില്‍ നാലുമാസം സാവകാശം ലഭിച്ചത് ഇടതുപക്ഷത്തിനു രാഷ്‌ട്രീയാശ്വാസമാണ്.