-->
കൊല്ലം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്കുകൂടി നീട്ടി. ശ്രീകോവില്‍ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
അന്വേഷണസംഘം കഴിഞ്ഞദിവസം കസ്‌റ്റഡിയില്‍ വാങ്ങിയ പ്രതികളായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെയും ബി. മുരാരി ബാബുവിന്റെയും ഇനിയുള്ള ചോദ്യംചെയ്യല്‍ നിര്‍ണായകമാണ്. ദേവസ്വം ജീവനക്കാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങള്‍, മറ്റ് സാക്ഷികള്‍ എന്നിവരുടെ മൊഴികളിലെ വൈരുദ്ധ്യം മുന്‍നിര്‍ത്തിയാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യുന്നത്.
റിമാന്‍ഡിലായിരുന്ന ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയേയും മുരാരി ബാബുവിനെയും രണ്ടുദിവസത്തേക്കാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) കസ്‌റ്റഡിയില്‍ വിട്ടത്. മുരാരി ബാബുവിനെ ദ്വാരപാലകശില്‍പ്പപാളി കേസിലും പോറ്റിയെ കട്ടിളപ്പാളി കേസിലും പുതുതായി ശേഖരിച്ച തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ചോദ്യംചെയ്യാന്‍ കസ്‌റ്റഡിയില്‍ വേണമെന്നാണ് എസ്‌്ഐ.ടി. ആവശ്യപ്പെട്ടത്.
കേസിലെ മറ്റൊരു പ്രതിയായ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ ജാമ്യഹര്‍ജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലകശില്‍പ്പപാളി കേസിലും പ്രതിയായ ഇയാള്‍ രണ്ടിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജന്‍ ഹാജരായി.