-->
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്‌ജി ഹണി എം. വര്‍ഗീസിനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ നടപടിയാവശ്യപ്പെട്ട് ന്യായാധിപരുടെ സംഘടന ഹൈക്കോടതിയില്‍. ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ഇടപെടണമെന്നാണ് ആവശ്യം. അധിക്ഷേപ പരാമര്‍ശം ഉയര്‍ത്തുന്നവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണു കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
സമൂഹമാധ്യമങ്ങളിലൂടെ , വിധി പറഞ്ഞ ജഡ്‌ജി ഹണി എം. വര്‍ഗീസിനെ വ്യക്‌തിപരമായി അധിക്ഷേപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു ജുഡീഷ്യല്‍ ഓഫീസേഴ്‌സ് ഹൈക്കോടതിക്ക് നിവേദനം നല്‍കിയത്. അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള വിവരങ്ങളാണു നിവേദനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ അധിക്ഷേപം നടത്തിയവരുടെ ഫേസ്‌ബുക്കിന്റെയും യൂട്യൂബിന്റെയും ലിങ്കുകളും പങ്കുവച്ചിട്ടുണ്ട്.