-->
തിരുവനന്തപുരം: വി സി നിയമനത്തില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ സമവായം. സിസ തോമസിനെ കെടിയു (എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി) വൈസ് ചാന്‍സലറാക്കിയും സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വി സിയായും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി . ഗവര്‍ണറുടെ നോമിനിയാണ് സിസ തോമസ്. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമാണ് സജി ഗോപിനാഥിന്റെ നിയമനം. ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് നിര്‍ണായക തീരുമാനം. ഇരുവരുടെയും നിയമനം നാലുവര്‍ഷത്തേക്കാണ്.
കഴിഞ്ഞ മൂന്നു വർഷമായി സിസയുമായി പോരടിച്ച സർക്കാർ അവരുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാലാ വി സി നിയമനത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമവായത്തിൽ എത്തുന്നതിൽ സർക്കാരും ഗവർണറും പരാജയപ്പെട്ടിരുന്നു.
സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകാരമുള്ള മുൻഗണനാ ക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം ചാൻസലർ കൂടിയായ ഗവർണർ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം സേർച്ച് കമ്മിറ്റി ഓൺലൈനായി രണ്ടാം തവണയും യോഗം കൂടുന്നതിനിടെ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും യോജിച്ച നിലപാടുകൾ സെർച്ച് കമ്മിറ്റി ചെയർമാനെ അറിയിക്കുകയായിരുന്നു. ദൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ സുപ്രീം കോടതിക്ക് കൈമാറും.
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിനു ഗവർണറെ ക്ഷണിക്കാൻ ലോക് ഭവനിൽ എത്തിയ മുഖ്യമന്ത്രി ഗവർണറുമായുള്ള കൂടിക്കാഴ്ചയിലാണ് വിസി നിയമനത്തിൽ ധാരണയിലെത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിമാരായ പി.രാജീവും ആർ. ബിന്ദുവും ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിസിമാരുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയിച്ചിരുന്നുവെങ്കിലും ഗവർണർ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് വരാത്തതിലുള്ള അനിഷ്ടം അദ്ദേഹം മന്ത്രിമാരോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.