-->
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി. 16 ദിവസത്തിനുശേഷമാണു ജാമ്യം ലഭിച്ചത്. പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാന്‍ പറ്റില്ലെന്നും ജയിലില്‍നിന്ന് ഇറങ്ങിയ രാഹുല്‍ പറഞ്ഞു.
'നോട്ടീസ് നല്‍കാതെയാണ് എന്നെ അറസ്‌റ്റ് ചെയ്‌തത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയെന്നാണ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്നു െ്രപാസിക്യൂഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷന്‍ കള്ളം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുംവരെ എന്നെ അകത്തിടാന്‍ നോക്കി. താന്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിനെതിരേ സംസാരിച്ചേനെ. എനിക്കെതിരേ വന്നത് വ്യാജ പരാതിയാണ്. പോലീസിനെതിരേ ആയിരുന്നില്ല നിരാഹാരം. മെന്‍സ് കമ്മിഷന് വേണ്ടിയാണു ജയിലില്‍ നിരാഹാരം കിടന്നത്.
ഉമ്മന്‍ ചാണ്ടിക്കും നിവിന്‍ പോളിക്കും നീതി കിട്ടാത്ത ഈ നാട്ടില്‍ നമ്മുടെ കുട്ടികള്‍ക്ക് നീതി കിട്ടുമോ? ചോദ്യംചെയ്‌ത് ജയിലില്‍ പോയതില്‍ അഭിമാനം.'- രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇനി പെടാന്‍പാടില്ല എന്ന് കോടതി നിര്‍ദേശിച്ചാണു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
മുന്‍ കേസുകളില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതതു കോടതികളില്‍ അറിയിക്കണമെന്നും കോടതി വ്യക്‌തമാക്കി. പോലീസ് വീണ്ടും കസ്‌റ്റഡി ആവശ്യപ്പെട്ടെങ്കിലും 16 ദിവസം ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിഞ്ഞ പ്രതിയെ വീണ്ടും എന്തിനാണ ്‌കസ്‌റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു.
വൈകിട്ട് 5.30 നു ജില്ലാ ജിയില്‍നിന്ന് പുറത്തിറങ്ങിയ രാഹുലിന് ജയിലിന് പുറത്ത് ചിലര്‍ സ്വീകരണമൊരുക്കി. കേസിലെ മറ്റൊരു പ്രതി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കും. രാഹുല്‍ അടക്കം ആറ് പേര്‍ക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസ് എടുത്തത്. പത്തനംതിട്ടയിലെ മഹിള കോണ്‍ഗ്രസ് നേതാവ് രഞ്‌ജിത പുളിക്കനാണ് ഒന്നാം പ്രതി.