-->
ഗുരുവായൂര്‍: സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഗുരുവായൂരില്‍ എത്തി. മോഹന്‍ലാല്‍ ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തിയ 'തിരനോട്ടം' സിനിമയുടെ സംവിധായകന്‍ വി. അശോകിന്റെ മകള്‍ ഗായത്രിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് സൂപ്പര്‍താരം ഗുരുവായൂരിലെത്തിയത്. പത്‌നി സുചിത്രക്കൊപ്പം രാവിലെ എത്തിയ മോഹന്‍ലാല്‍ സ്വകാര്യ ലോഡ്‌ജിലാണ് തങ്ങിയത്. ഉച്ചയോടെ വിവാഹ വേദിയിലെത്തി വധുവില്‍നിന്ന് ദക്ഷിണ സ്വീകരിച്ചു.ഗുരുവായൂര്‍ ക്ഷേത്ര നടയിലെ താലികെട്ട് ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരാധകര്‍ തിക്കി തിരക്കിയതോടെ തീരുമാനം മാറ്റി. താലികെട്ട് കഴിഞ്ഞ് വധുവരന്മാര്‍ വരുന്നതുവരെ മോഹന്‍ലാല്‍ മുറിയില്‍ വിശ്രമിച്ചു. താലികെട്ട് കഴിഞ്ഞ് എത്തിയ വധുവരന്മാരെ ആശീര്‍വദിച്ച് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്താണ് താരം മടങ്ങിയത്. നടന്മാരായ മുകേഷ് എം.എല്‍.എ., ബിജുമേനോന്‍, നടിമാരായ ചിപ്പി, കാര്‍ത്തിക, മേനക, സംവിധായകന്‍ പ്രിയദര്‍ശന്‍, ക്യാമറാമാന്‍മാരായ അഴകപ്പന്‍, എസ്. കുമാര്‍ തുടങ്ങിയവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.