Sunday, March 15, 2026 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

പരാജയ രോഷം തീര്‍ക്കാന്‍ സി.പി.എം. അക്രമം അഴിച്ചുവിടുന്നു: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനു ശേഷം കേരളത്തിലുടനീളം യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്കു നേരേ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അരിശം തീര്‍ക്കാന്‍ പാവപ്പെട്ട യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്കു നേരേ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്‌. മര്‍ദനങ്ങള്‍ നടത്തിയും കാറുകളും വീടുകളും തകര്‍ത്തുമാണ്‌ അതിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ നിരവധി സാധാരണ പ്രവര്‍ത്തകര്‍ മര്‍ദനമേറ്റ്‌ ആശുപത്രിയിലാണ്‌. വയനാട്‌ ബത്തേരിയിലും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കോഴിക്കോട്‌ ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുമുപ്പെടെ സ്‌ഥിതി ഇതാണ്‌. ചെങ്ങന്നൂര്‍ പുത്തന്‍കാവ്‌ ഭാഗത്തും പ്രവര്‍ത്തകരെ ഭീകരമായി മര്‍ദിക്കുന്നു. തോറ്റ സ്‌ഥാനാര്‍ഥി ഉള്‍പ്പെടെയാണു മര്‍ദിക്കുന്നത്‌. ദൗര്‍ഭാഗ്യവശാല്‍ പോലീസ്‌ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അക്രമം നിര്‍ത്താന്‍ സി.പി.എം തയ്യാറാകണം. അവര്‍ തീക്കൊള്ളികൊണ്ട്‌ തല ചൊറിയുകയാണ്‌. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ജയിച്ചവരെ ആക്രമിക്കുന്നത്‌ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌.
യു.ഡി.എഫിന്റെ ചരിത്രവിജയത്തിനു പിന്നില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.
കോടാനുകോടി ഭക്‌തജനങ്ങളുടെ ഹൃദയത്തില്‍ വലിയ വികാരം സൃഷ്‌ടിച്ച വിഷയത്തില്‍ ഗവണ്‍മെന്റ്‌ കാണിക്കുന്ന ഒളിച്ചുകളിയും പ്രതികളെ സംരക്ഷിക്കുന്ന നിലപാടും ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്‌തു. ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്‌മ, കെടുകാര്യസ്‌ഥത, അഹങ്കാരം എന്നിവയും ചര്‍ച്ചയായി. പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ കെടുതികള്‍ കേരള ജനത അനുഭവിക്കുകയാണ്‌. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ട്‌ ജനം മനസിലാക്കി. പി.എംശ്രീ പദ്ധതിയിലും ലേബര്‍ കോഡിലും സംസ്‌ഥാനസര്‍ക്കാര്‍ ഒപ്പിട്ടത്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ലേബര്‍ കോഡ്‌ കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അതിനുവേണ്ടിയുള്ള എല്ലാ നടപടികളും കേരളസര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ഒരു ഘട്ടത്തിലും നരേന്ദ്രമോദിയെയോ അമിത്‌ ഷായെയോ വിമര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടും ജനം ശ്രദ്ധിച്ചു.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW