-->
കൊച്ചി: ആലപ്പുഴയിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ റേഡിയോളജിസ്‌റ്റ് തസ്‌തിക സൃഷ്‌ടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന് ആരോഗ്യവകുപ്പ് രേഖാമൂലം കത്ത് നല്‍കി.
സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഏഴു ഗൈനക്കോളജിസ്‌റ്റ്, മൂന്നു പീഡിയാട്രീഷ്യന്‍, രണ്ട് അനസ്‌തെസ്‌റ്റിസ്‌റ്റ്, ഒരു ഫിസിഷ്യന്‍ തസ്‌തികകളാണ് ഉള്ളതെന്നു കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി. മിക്കവാറും മാസങ്ങളില്‍ ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം, ശസ്‌ത്രക്രിയ ഉള്‍പ്പെടെ നടക്കുന്നത് ഇവിടെയാണ്. റേഡിയോളജിസ്‌റ്റ് തസ്‌തിക ഇല്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് മുഖാന്തിരം ലഭ്യമാക്കേണ്ട സ്‌കാനിങ് ആശുപത്രിക്കു പുറത്തെ സ്വകാര്യ സ്‌കാനിങ് സെന്ററിനാണ് നല്‍കുന്നത്. ഇതിനായി എല്ലാ വര്‍ഷവും ടെന്‍ഡര്‍ കരാര്‍ ആശുപത്രി ഉണ്ടാക്കിവരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ആലപ്പുഴയിലെ ആശുപത്രിയില്‍ വൈകല്യങ്ങളോടെ കുഞ്ഞു പിറന്നതിനുപിന്നില്‍ ചികിത്സാ പിഴവാണെന്നും അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആശുപത്രി സൂപ്രണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിനെതിരേ ആക്ഷേപം ഫയല്‍ ചെയ്യുമെന്ന് ജയ്‌സിങ് പറഞ്ഞു.
രാജു പോള്‍