-->
കൊച്ചി: ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റിട്ടതിനെതിരേ ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ പോലീസെടുത്ത കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മുസ്ലിം ലീഗ് സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗവും പ്രഭഷകനുമായ ബഷീര്‍ വെള്ളിക്കോത്ത് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
പഹല്‍ഗാം ഭീകരാക്രമണമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റിട്ടത് രാജ്യത്ത് കലാപം സൃഷ്‌ടിക്കാനും ഇരുവിഭാഗം തമ്മിലുള്ള മതസ്‌പര്‍ദ്ധ ഉണ്ടാക്കാനും കാരണമായിയെന്ന് ജനം ടിവിയിലെ വാര്‍ത്ത കണ്ടതിന്റെ അടിസ്‌ഥാനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റാണ് കാഞ്ഞാങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. ഹര്‍ജിക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റിട്ടത് കലാപം ഉണ്ടാക്കാന്‍ കാരണമായിട്ടില്ലെന്നും പരാതിക്കാരന്‍ ആരോപിക്കുന്നതുപോലെ മതസ്‌പര്‍ധ ഉണ്ടായിട്ടില്ലെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് അറസ്‌റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്നും മേല്‍ ഉത്തരവ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് അന്വേഷണ സംഘത്തിന് തടസം അല്ലെന്നും ഉത്തരവില്‍ പറയുന്നു. ഹര്‍ജി ക്രിസ്‌മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും. അഡ്വ. സജല്‍ ഇബ്രാഹിം ഹര്‍ജിക്കാരനുവേണ്ടി ഹാജരായി.