Tuesday, March 17, 2026 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 15 Dec 2025 11.34 PM

എസ്‌.ഐ.ആര്‍: 25 ലക്ഷംപേര്‍ പുറത്താകും; തെരഞ്ഞെടുപ്പ്‌ കമ്മിഷനെ എതിര്‍പ്പ് അറിയിച്ച് ബി.ജെ.പി. ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍

99.96% എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ്‌ ചെയ്‌തതിനും ശേഷമാണ്‌ 25 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഒഴിവായതെന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥന്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
uploads/news/2025/12/816138/SIR.jpg

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 25 ലക്ഷംപേര്‍ വോട്ടര്‍ പട്ടികയ്‌ക്കു പുറത്താകും. ഇതിനെതിരായ ശക്‌തമായ എതിര്‍പ്പ്‌ ബി.ജെ.പി. ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനെ അറിയിച്ചു.
99.96% എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ്‌ ചെയ്‌തതിനും ശേഷമാണ്‌ 25 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഒഴിവായതെന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥന്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. മരിച്ചവര്‍, സ്‌ഥിരമായി താമസം മാറിയവര്‍, മറ്റു സ്‌ഥലത്ത്‌ പേരു ചേര്‍ത്തവര്‍, മറ്റുകാരണങ്ങളാല്‍ ഉള്‍പ്പെടാത്തവര്‍ എന്നിവരാണു പട്ടികയ്‌ക്കു പുറത്താകുന്നത്‌. കരട്‌ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തര്‍ക്കമുള്ളവര്‍ക്കു രേഖകള്‍ ഹാജരാക്കി വോട്ട്‌ ഉള്‍പ്പെടുത്താനുള്ള അവസരം നല്‍കുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.
2,78,59,855 വോട്ടര്‍മാരാണ്‌ ഒക്‌ടോബറിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്‌. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 6,44,547 പേര്‍ മരിച്ചതായി എസ്‌.ഐ.ആറില്‍ തിരിച്ചറിഞ്ഞു. കണ്ടെത്താന്‍ സാധിക്കാത്തവര്‍ 7,11,958, സ്‌ഥിരമായി താമസം മാറിയവര്‍ 8,19,346, ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 1,31,530, മറ്റുള്ളവര്‍ 1,93,631 എന്നിങ്ങനെ 25,01,012 വോട്ടര്‍മാര്‍ കരട്‌ വോട്ടര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാകുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു.
തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവായിരിക്കുന്നത്‌- 4,36,857. കാസര്‍ഗോഡ്‌്- 63,114, വയനാട്‌- 37,422, കൊല്ലം- 1,68,018, മലപ്പുറം- 1,79,673, പാലക്കാട്‌- 2,00,070, തൃശൂര്‍- 2,56,842, എറണാകുളം- 3,34,962, ഇടുക്കി-1,28,333, കോഴിക്കോട്‌- 1,94,588, പത്തനംതിട്ട- 1,00,948, ആലപ്പുഴ- 1,44,243, കോട്ടയം- 1,66,010, കണ്ണൂര്‍- 89,932 എന്നിങ്ങനെയാണ്‌ ഒഴിവായവരുടെ എണ്ണം. ഇവരുടെ പേര്‍ കരട്‌ പട്ടികയില്‍ ഉണ്ടാവില്ല. അനുബന്ധ പട്ടികയായി ഇതു പ്രസിദ്ധീകരിക്കും. തര്‍ക്കമുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കി പുതുതായി വോട്ട്‌ ചേര്‍ക്കേണ്ടിവരും. ഈ മാസം 18 വരെയാണ്‌ എസ്‌.ഐ.ആര്‍. കാലാവധി. 23-ന്‌ കരട്‌ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 22 വരെ എതിര്‍പ്പ്‌ അറിയിക്കാം. ഫെബ്രുവരി 14 വരെ ഹിയറിങ്ങും പരിശോധനയും നടത്തിയ ശേഷം 21-ന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
25 ലക്ഷത്തോളം പേരെ പട്ടികയില്‍നിന്ന്‌ ഒഴിവാക്കുന്നതില്‍ സി.പി.എമ്മും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും അതിശക്‌തമായ എതിര്‍പ്പ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനെ അറിയിച്ചു. മരിച്ചവരും ഇരട്ടവോട്ടും ഒഴിവാക്കിയാല്‍ ഏതാണ്ട്‌ 18 ലക്ഷത്തോളം പേരെ വെട്ടിനിരത്തുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നടപടി എന്ന്‌ സി.പി.എം. നേതാവ്‌ എം.വി. ജയരാജന്‍ കുറ്റപ്പെടുത്തി. എന്യൂമറേഷന്‍ ഫോം തിരിച്ചുനല്‍കാന്‍ വിസമ്മതിച്ചവരുണ്ടെന്നു കമ്മിഷന്‍ പറയുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ല. തിരിച്ചുവാങ്ങാന്‍ കഴിയാത്തതാവാം പ്രശ്‌നത്തിനു കാരണമെന്നും ജയരാജന്‍ പറഞ്ഞു.
ഒഴിവാക്കിയവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി വേണം കരട്‌ പട്ടിക പ്രസിദ്ധീകരിക്കാനെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എം.കെ. റഹ്‌മാന്‍ ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയിലെ പത്തു ശതമാനത്തോളം പേരാണ്‌ ഇല്ലാതാകുന്നതെന്നും ഒഴിവാക്കപ്പെടുന്നവരുടെ പട്ടിക പ്രത്യേകം പ്രസിദ്ധപ്പെടുത്തി അപേക്ഷ സ്വീകരിച്ച്‌ ഇവരെ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ്‌ നേതാവ്‌ മുഹമ്മദ്‌ ഷാ ആവശ്യപ്പെട്ടു. രാഷ്‌ട്രീയ പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി ക്യാമ്പയിന്‍ നടത്തി യോഗ്യതയുള്ള പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW