-->
ദിലീപ് നായകനായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ' ഭഭബ' . നടന്‍ ഫാഹിം സഫറും ഭാര്യയും നടിയുമായ നൂറിന്‍ ഷെരീഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഫാഹിം സഫര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ സിനിമയുടെ പോസ്റ്റര്‍ കണ്ട നിമിഷമാണ് താരം വീഡിയോയില്‍ പങ്കുവച്ചത്.
'' നമ്മള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍, അല്ലെങ്കില്‍ നാട്ടില്‍ ഇങ്ങനെ നടക്കുമ്പോള്‍ ഒരുപാട് സിനിമാ പോസ്റ്ററുകള്‍ മതിലുകളില്‍ ഒട്ടിച്ചിട്ടുണ്ടാകും. പണ്ടുതൊട്ടേ ഇതൊക്കെ ശ്രദ്ധിക്കുന്ന ആളാണ്. ഏത് തിയറ്ററിന്റെ സ്റ്റിക്കറാണ് ഒട്ടിച്ചിരിക്കുക, അല്ലെങ്കില്‍ എത്ര ഷോ ഉണ്ട് ഇതൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ സിനിമാ പ്രമോഷന്‍ എല്ലാം ഡിജിറ്റല്‍ ആണെങ്കിലും മതിലുകളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ്.
ഇന്ന് വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കണ്ട ഒരു കാര്യം ഞാന്‍ കാണിക്കാം, നമ്മുടെ പടമായ ' ഭഭബ' യുടെ പോസ്റ്റര്‍. നമുക്ക് കുറച്ച് സിനിമാ പ്രാന്ത് ഉളളതുകൊണ്ടാണോ എന്ന് അറിയില്ല ഇങ്ങനെ ഉളള കുഞ്ഞു കുഞ്ഞു കാര്യങ്ങളൊക്കെ വലിയൊരു വികാരമാണ്. അത് എത്രപേര്‍ക്ക് മനസ്സിലാകും എന്ന് അറിയില്ല. പണ്ട് നമ്മള്‍ നോക്കിയിരുന്ന പോസ്റ്ററുകളുടെ സ്ഥാനത്ത് നമ്മുടെ ഒരു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കാണുമ്പോള്‍ അത് വലിയൊരു സംതൃപ്തിയുടെ നിമിഷമാണ്. ആ സന്തോഷം അറിയിക്കാനാണ് ഞാന്‍ ഈ വീഡിയോ പങ്കുവച്ചത്'.- ഫാഹിം സഫര്‍ വീഡിയോയില്‍ പറയുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ഭഭബ'. ചിത്രം ഡിസംബര്‍ 18-ന് തിയേറ്ററുകളില്‍ എത്തും.