-->
രജിനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ജയിലർ 2 വിൽ നടി വിദ്യ ബാലനും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
വിദ്യ ബാലന് കഥ ഇഷ്ടപ്പെട്ടുവെന്നും അവർ ജയിലർ 2 വിന്റെ കരാർ ഒപ്പിട്ടെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത വർഷം ഓഗസ്റ്റ് 14 ന് ചിത്രം റിലീസിനെത്തും. ഈ വർഷം മാർച്ച് 10 മുതലാണ് ജയിലർ 2 വിന്റെ ചിത്രീകരണം തുടങ്ങിയത്.
ചെന്നൈ, പാലക്കാട്, ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 2023 ലാണ് ജയിലറിന്റെ ആദ്യ ഭാഗം പുറത്തുവന്നത്. 200 കോടി ചിത്രം തിയറ്ററുകളിൽ കളക്ഷൻ നേടുകയും ചെയ്തു. രജനികാന്തിനൊപ്പം രമ്യ കൃഷ്ണൻ, മിർണ മേനോൻ, വിനായകൻ, വസന്ത് രവി എന്നിവരും പ്രധാന വേഷത്തിലെത്തി.
ശിവരാജ്കുമാർ, മോഹൻലാൽ എന്നീ താരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയിരുന്നു. ജയിലർ 2 വിലും മോഹൻലാൽ, ശിവരാജ്കുമാർ, നന്ദമൂരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജയിലറിലെ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിനും ആരാധകരേറെയായിരുന്നു. അതേസമയം ജയിലർ 2 വിൽ നടൻ വിനായകനും ഉണ്ടാകുമെന്നാണ് വിവരം.