-->
നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. ' എന്ത് തേങ്ങയാണ് ഇത്' എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയുടെ വാര്‍ത്ത പങ്കുവച്ച് ' ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാല്‍ മതിയായിരുന്നു' എന്നാണ് ജുവല്‍ കുറിച്ചത്.
വിധിയെ പറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റും നടി പങ്കുവച്ചു. ' ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി മറ്റുളളവര്‍ക്ക് വിതരണം ചെയ്ത അതിക്രൂരവും അത്യപൂര്‍വവുമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. അങ്ങനെയൊരു കേസില്‍ ഒരു സാധാരണ ബലാത്സംഗ കുറ്റത്തിന് നല്‍കുന്ന 20 വര്‍ഷം എന്ന ഏറ്റവും ചെറിയ ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കോടതിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നതില്‍ സംശയമില്ല,' എന്നാണ് ആസഫ് അലിയുടെ വാക്കുകള്‍.
പള്‍സര്‍ സുനി ഉള്‍പ്പെടെയുളള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. കൂട്ടബലാല്‍സംഗമെന്ന കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി കണക്കിലെടുത്തില്ല.