Wednesday, March 18, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 08.45 PM

ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല'; ശിക്ഷാവിധിയില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്

ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”,ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.
parvathi thiruvoth

നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ ശിക്ഷാവിധി പുറത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. “പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികള്‍ക്ക് പരമാവധി പരി​ഗണന. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”,ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി നല്‍കിയിട്ടുണ്ട്.

ഒന്നാം പ്രതി പള്‍സര്‍ സുനി പ്രായമായ തന്‍റെ അമ്മയെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. “എന്ത് ചെയ്തിട്ടാണ് അയാള്‍ സ്വന്തം അമ്മയെ സഹായിച്ചത്? ഓ മനസിലായി. കരുണ”. എന്നാണ് പാര്‍വ്വതി കുറിച്ചത്. മൂന്നാം പ്രതി മണികണ്ഠന്‍ കോടതിയോട് പറഞ്ഞ കാര്യം സംബന്ധിച്ച വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചിരിക്കുന്ന മറ്റൊന്ന്. ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ലെന്ന മണികണ്ഠന്‍റെ വാക്കുകളാണ് അത്. ഭാര്യയും രണ്ട് മക്കളും തന്നെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതിനോടുള്ള പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “പക്ഷേ ഈ കേസില്‍ കോടതിയുടെ കണ്ണില്‍​ ​ഗൂഢാലോചന എന്നൊന്ന് ഉണ്ടായിരുന്നില്ലല്ലോ. ​ഗൂഢാലോചന നടത്തിയവര്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടുന്നത് നമ്മള്‍ കണ്ടോ? ഇവിടെയും ഭാര്യയും മക്കളും തന്നെ”.

തന്‍റെ നാടായ തലശ്ശേരിക്ക് അടുത്തുള്ള കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയക്കണമെന്നായിരുന്നു നാലാം പ്രതിയായ വിജീഷ് വി പിയുടെ കോടതിയോടുള്ള അപേക്ഷ. ഇതിന് പാര്‍വതി “തീര്‍ച്ചയായും! കുറ്റകൃത്യത്തിന് ശേഷം കംഫര്‍ട്ട് മുഖ്യം”. ഇങ്ങനെ കൂടി പാര്‍വതി കുറിക്കുന്നു- “കുറ്റവാളികള്‍ അഭ്യര്‍ഥിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. നിശബ്ദരായിരിക്കുന്നവരുണ്ട്. ഈ വേളയില്‍ ആഘോഷിക്കുന്നവരെ ശ്രദ്ധിക്കുക. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അവര്‍ക്ക് എന്ത് തോന്നിയാലും അത് ചെയ്യാനുള്ള ഇന്ധനം ലഭിച്ചുവെന്ന് മനസിലാക്കുക. എന്ത് ചെയ്താലും ഊരിപ്പോരാനാവുമെന്ന് അവര്‍ക്ക് അറിയാം. ആദ്യം നാം അതിക്രമങ്ങളെ അതിജീവിക്കണം. പിന്നീട് നിയമത്തെയും?”, എന്നും പാര്‍വതി കുറിച്ചു.

Ads by Google
Friday 12 Dec 2025 08.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW