-->
രണ്ട് പതിറ്റാണ്ടായി മറാത്തി, ഹിന്ദി സിനിമകളിൽ സജീവമായ താരമാണ് ഗിരിജ ഓക്ക് ഗോഡ്ബോലെ. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമാണെങ്കിലും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലൂടെയാണ് ഗിരിജ ഓക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീല സാരിയുടുത്ത സ്ത്രീ എന്നപേരിൽ ഗിരിജയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ നിറഞ്ഞതോടെയാണ് താരം വൈറലായി മാറിയത്. ഒരുമാസം മുമ്പ് താരം നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് റീൽസായി പ്രചരിച്ചതും ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിയതും. ഒരു ഹിന്ദി യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിൽ നിന്ന് എടുത്ത ദൃശ്യങ്ങളിലെയും ചിത്രങ്ങളിലെയും അവരുടെ തിളക്കമാർന്ന ആകർഷണീയതയും അനായാസമായ സ്റ്റൈലിംഗും കൊണ്ട് നെറ്റിസൺമാരെ അമ്പരപ്പിച്ചു.
ഇന്ത്യയിലെ മോണിക്ക ബലൂച്ചിയെന്നും ഹോളിവുഡ് നടി സിഡ്നി സ്വീനിക്ക് ഇന്ത്യയുടെ മറുപടിയെന്നുമൊക്കെ ഗിരിജ ഓക്കിന് വിശേഷണങ്ങൾ വന്നു. ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായതോടെ ഗിരിജ ഓക്ക് ‘നാഷണൽ ക്രഷ്’ ആയി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നായി മാറി. അതിനു ശേഷം താരത്തിന്റെ അഭിമുഖങ്ങളും വാക്കുകളുമൊക്കെ ശ്രദ്ധിക്കപ്പെടാനും തുടങ്ങി.
ഇപ്പോഴിതാ തന്റെ മകന്റെ സ്കൂള്‍ ടിഫിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മകന്റെ സ്കൂളിൽ എല്ലാ ദിവസവും ഉച്ചഭക്ഷണം കൊണ്ടുപോകേണ്ടതില്ല. എല്ലാ ദിവസവും ക്ലാസിലെ ഓരോരുത്തരുമാണ് ടിഫിന്‍ കൊണ്ടുവരുന്നതെന്നും അതുപക്ഷേ എല്ലാവര്‍ക്കും വേണ്ടിയാണെന്നും പറയുകയാണ് താരം. രസകരമായ ഈ ടിഫിന്‍ ഫോര്‍മാറ്റ് കാരണം കുട്ടികള്‍ വ്യത്യസ്തമായ ഭക്ഷണം കഴിക്കുമെന്നും പറയുകയാണ് താരം.
‘‘എന്റെ മകന്റെ സ്കൂളിൽ രസകരമായ ഒരു ടിഫിൻ ഫോർമാറ്റ് ഉണ്ട്. ടിഫിനിൽ എന്ത് ഉണ്ടാക്കണം എന്നത് മിക്ക അമ്മമാർക്കും ഒരു വലിയ ചോദ്യമാണ്. എല്ലാ ദിവസവും എന്താണ് പുതിയത്, കുട്ടികൾക്ക് എന്ത് ഇഷ്ടപ്പെടും എന്ന ആശങ്കയിലാണ് അമ്മമാര്‍. എന്റെ മകന്റെ സ്കൂളിൽ അത്തരമൊരു സംവിധാനം നിലവിലുണ്ട്, അവൻ എല്ലാ ദിവസവും ഉച്ചഭക്ഷണം കൊണ്ടുപോകേണ്ടതില്ല. എല്ലാ ദിവസവും ക്ലാസിലെ ഓരോരുത്തരുമാണ് ടിഫിന്‍ കൊണ്ടുവരുന്നത്, പക്ഷേ അത് മുഴുവൻ ക്ലാസിനും വേണ്ടിയാണ്. മുഴുവൻ ക്ലാസും ഒരേ ടിഫിൻ കഴിക്കും.
ക്ലാസ്സിൽ ഇരുപത്തിയഞ്ച് കുട്ടികളുണ്ട്. അതിനാൽ നിങ്ങളുടെ ഊഴം മാസത്തിലൊരിക്കൽ മാത്രമേ വരൂ. മാസത്തിലൊരിക്കൽ മാത്രമേ ഭക്ഷണം ഉണ്ടാക്കേണ്ടതുള്ളൂ. പക്ഷേ അത് മുഴുവന്‍ പേര്‍ക്കും തയ്യാറാക്കണം. അധ്യാപകര്‍ക്കും സഹായികള്‍ക്കുമടക്കം എല്ലാവര്‍ക്കും. എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. അതുകൊണ്ട് കുട്ടികൾ വളരെ വ്യത്യസ്തമായ ഭക്ഷണമാണ് എല്ലാ ദിവസവും കഴിക്കുന്നത്.
ഭക്ഷണത്തിന്റെ ഫോർമാറ്റ് ഒന്നുതന്നെയാണ്. റൊട്ടി, പച്ചക്കറി, പരിപ്പ്, അരി, ഏതെങ്കിലും തരത്തിലുള്ള അസംസ്കൃത സാലഡ്. വേനൽക്കാലത്ത് ഭക്ഷണം അയയ്ക്കേണ്ടിവന്നാൽ, നമുക്ക് അത്തരത്തിലുള്ള എന്തെങ്കിലും ചേർക്കാം. പക്ഷേ റൊട്ടി, പച്ചക്കറി, പരിപ്പ്, അരി എന്നിവ തീർച്ചയായും ഒരു ഫോർമാറ്റാണ്. പക്ഷേ അതിൽത്തന്നെ വ്യത്യസ്തതകളുണ്ട്, വ്യത്യസ്ത രീതികളിലുണ്ട്. ചിലർ മംഗലാപുരത്ത് നിന്നുള്ളവരാണ്, ചിലർ പഞ്ചാബികള്‍, ചിലർ ഗുജറാത്തികള്‍, ചിലർ കശ്മീരികള്‍, ഞാൻ മഹാരാഷ്ട്രയിൽ നിന്നുള്ളയാളാണ്. തങ്ങളുടെ പ്രദേശത്തിന്റെ രുചി ചേർക്കാൻ ഓരോരുത്തരും പ്രോത്സാഹിപ്പിക്കപ്പെടുന്നു. അവരവരുടെ പ്രദേശത്തെ രുചികള്‍ തയ്യാറാക്കിയാണ് കുട്ടികള്‍ക്ക് ടിഫിന്‍ നല്‍കുന്നത്. കുട്ടികൾ വ്യത്യസ്ത ഇനങ്ങൾ കഴിക്കുന്നത് വളരെ രസകരമാണ്.
വിശേഷണം എന്തെന്നാൽ, ഭക്ഷണം കൊണ്ടുവരുന്ന കുട്ടി അന്നത്തെ ദിവസം സ്പെഷ്യലാണ്. അവന്/അവള്‍ക്ക് ചില പ്രത്യേകാവകാശങ്ങൾ ആ ദിവസം ലഭിക്കുന്നു. അസംബ്ലിക്ക് വേണ്ടിയുള്ള നിര രൂപപ്പെടുമ്പോൾ, അവൻ/അവള്‍ ആദ്യം നില്‍ക്കും. ഒരു കളി തുടങ്ങേണ്ടതുണ്ടെങ്കിൽ, അവൾ/അവന്‍ തന്നെയായിരിക്കും തുടങ്ങേണ്ടത്. ക്ലാസ്സിൽ എന്തെങ്കിലും വായിക്കാനുണ്ടെങ്കിൽ, ആദ്യം അത് ചൊല്ലേണ്ടത് അവരായിരിക്കും. ആ ദിവസം ആ കുട്ടി പ്രത്യേകത നിറഞ്ഞതായിരിക്കും. കൊണ്ടുവരുന്ന ഭക്ഷണത്തില്‍ ഏതെങ്കിലുമൊന്ന് ആ കുട്ടി തന്നെ എല്ലാവര്‍ക്കുമായി വിളമ്പുകയും വേണം...’’ ഗിരിജ ഓക്ക് പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മിക്കവരും കമന്റുകളിലൂടെ ആ സ്കൂളിന്റെ മികച്ച ഈ ടിഫിന്‍ ഫോര്‍മാറ്റിനെ പ്രോത്സാഹിപ്പിക്കുകയും നല്ലതെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.