-->
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനോട് മാപ്പു ചോദിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്. മുന്‍പ് ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ നിശിതമായി വിമര്‍ശിച്ചതിനും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ആലപ്പി അഷറഫ് ദിലീപിനോട് മാപ്പ് ചോദിച്ചത്. പ്രോസിക്യൂഷനും പോലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധിയെന്നും നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ ഈ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധി ഇപ്രകാരമായപ്പോള്‍ അദ്ദേഹത്തിനുണ്ടായ ഭീമമായ തകര്‍ച്ചയ്ക്ക്, ജയില്‍വാസം, അപമാനം, കരിയര്‍ നശിപ്പിച്ചത്, ആര് ഉത്തരവാദിത്വം പറയുമെന്നും ആലപ്പി അഷറഫ് ചോദിച്ചു.
ആലപ്പി അഷറഫിന്റെ വാക്കുകകള്‍:
''നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കും ചിലത് പറയാനുണ്ട്. ഒരു പാവം പെണ്‍കുട്ടിയുടെ മാനത്തെ പിച്ചിച്ചീന്തിയ കാട്ടാളന്മാര്‍ക്കെതിരെയുള്ള വിധി വന്നിരിക്കുകയാണല്ലോ. അന്ന് ആ രാത്രിയില്‍ അവളുടെ പ്രാണന്റെ പിടച്ചിലും കണ്ണുനീരും സമാനതകളില്ലാത്തതായിരുന്നു. ക്രൂരതയുടെ വേദനയില്‍ നിന്നുയര്‍ന്ന ദീനരോദനം കേട്ട് ആഘാതം കൊണ്ടവരും, അത് കണ്ടില്ലെന്ന് നടിച്ചവരും, കേട്ടില്ലെന്ന് നടിച്ചവരുമെല്ലാം പലവിധത്തിലുള്ള നീറുന്ന അനുഭവങ്ങളുമായി കടന്നുപോകുന്നത് നമ്മള്‍ കാണുകയാണ്.
മധുരാനഗരം കത്തിച്ചു ചാമ്പലാക്കിയ കണ്ണകിയായി ഇവിടെ അതിജീവിത മാറുകയായിരുന്നു. സംഭവം നടന്നത് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് ദിലീപിന്റെ മേല്‍ സംശയം തോന്നിയിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ള ചില മിമിക്രിക്കാര്‍ ദുബായില്‍ നടന്ന ഒരു ഷോയില്‍ വെച്ച് നടന്ന ചില സംഭവങ്ങളെക്കുറിച്ച് എനിക്ക് സൂചന തന്നിരുന്നു. ഇതിന്റെ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാരിയര്‍ ആദ്യമായി വെളിപ്പെടുത്തിയപ്പോള്‍ എന്റെ സംശയം കൂടുതല്‍ ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീന്‍ ഇമേജുള്ള പോലീസ് ഉദ്യോഗസ്ഥരും കീഴ്ക്കോടതിയും ഹൈക്കോടതിയും വരെ 'പ്രഥമദൃഷ്ട്യാ തെളിവുണ്ട്' എന്ന് ആവര്‍ത്തിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചതിനാലാണല്ലോ അദ്ദേഹത്തിന് 85 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവന്നത്. ഒരു സാധാരണ പൗരനെന്ന നിലയിലും ദിലീപിന്റെ മുന്‍ ചെയ്തികള്‍ അറിയാവുന്ന വ്യക്തി എന്ന നിലയിലും നമ്മുടെ നീതിന്യായ വ്യവസ്ഥയും സിസ്റ്റവും പറയുന്നത് വിശ്വസിക്കണമോ അതോ ചാനലില്‍ വന്നിരുന്ന് ഘോരഘോരം പ്രസംഗിക്കുന്ന പി.ആര്‍. വര്‍ക്കേഴ്സ് പറയുന്നത് വിശ്വസിക്കണമോ എന്ന ചിന്തയുണ്ടാകാം. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ ബന്ധങ്ങള്‍ മറന്ന് സംസാരിക്കേണ്ടി വരും. എനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല, നല്ലൊരു കലാകാരന്‍ എന്ന നിലയില്‍ ഇഷ്ടവുമായിരുന്നു. ഇന്നുവരെ ഒരു കാര്യസാധ്യത്തിനായും ഞാന്‍ അദ്ദേഹത്തെ സമീപിച്ചിട്ടുമില്ല.
ഈ പെണ്‍കുട്ടിക്ക് ഇങ്ങനെ ഒരു അതിക്രമം സംഭവിച്ചു എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. എന്നാല്‍, ഗൂഡാലോചനക്കുറ്റം തെളിയിക്കാന്‍ സാധിച്ചില്ല എന്നത് പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. പ്രോസിക്യൂഷനും പോലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധി. നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ ഈ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. എന്നാല്‍, കോടതി വിധി ഇപ്രകാരമായപ്പോള്‍ അദ്ദേഹത്തിനുണ്ടായ ഭീമമായ തകര്‍ച്ചയ്ക്ക്, ജയില്‍വാസം, അപമാനം, കരിയര്‍ നശിപ്പിച്ചത്, ആര് ഉത്തരവാദിത്വം പറയും?
ഇവിടെ കുറ്റവാളികള്‍ ഇവിടുത്തെ ഭരണകൂടമാണ്. നിങ്ങള്‍ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളെ വിശ്വസിച്ച വലിയൊരു സമൂഹത്തെയാണ്. ഇനിയും മുകളിലോട്ട് കോടതികള്‍ ഉണ്ടല്ലോ, അപ്പീല്‍ പോകും എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ ഹാജരാക്കിയ തെളിവുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ സ്ഥിതിഗതികള്‍ ഇതിലും ദയനീയമായിരിക്കും. ഇനിയും നിങ്ങളെ വിശ്വസിച്ച ജനത്തിന്റെ കണ്ണില്‍ പൊടിയിടാമെന്ന് നിങ്ങള്‍ ധരിക്കരുത്.
ഞാന്‍ പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ അവതാരകന്‍ എന്നോട് ചോദിച്ചു, ദിലീപിനെ വെറുതെ വിട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അങ്ങനെ വന്നാല്‍ ഞാന്‍ അദ്ദേഹത്തോട് നിരുപാധികം മാപ്പ് പറയുമെന്ന്. അദ്ദേഹം നിരപരാധിയാണെന്ന് കോടതിയുടെ വിധിയില്‍ വിശ്വസിച്ചുകൊണ്ട് എന്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളില്‍ ഞാന്‍ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. ഇതെന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്. തെറ്റിദ്ധാരണകള്‍ മൂലം തെറ്റുകള്‍ സംഭവിക്കാം. അത് തിരുത്തപ്പെടുമ്പോഴാണല്ലോ നമ്മള്‍ നന്മയുള്ളവരായി മാറുന്നത്. നിര്‍ത്തുന്നു, നന്ദി, നമസ്‌കാരം.''