-->
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റും കേസിലെ സാക്ഷിയുമായ രഞ്ജു രഞ്ജിമാര്‍. 28 സാക്ഷികള്‍ കൂറുമാറിയ കേസില്‍ കൂറുമാറാത്ത സാക്ഷികളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. സാക്ഷി പറഞ്ഞതിന്റെ പേരില്‍ തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നുവെന്നും, സിനിമയില്‍ നിന്നും ഇപ്പോഴും മാറ്റി നിര്‍ത്തലുകള്‍ നേരിടുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സമകാലിക മലയാളത്തോട് രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തിയിരുന്നു.
പണത്തിന് മീതെ ഒരു കോടതിയും ശബ്ദമുയര്‍ത്തില്ല എന്നതിന്റെ ഉദാഹരമാണ് വിധിയെന്നാണ് രഞ്ജു രഞ്ജുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപിനെതിരായ ഗൂഢാലോചന ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്നാണ് വിധിന്യായത്തില്‍ പറഞ്ഞത്.
‘3215 ദിവസങ്ങൾ,,,നീതിന്യായ പീഠമേ, നിന്നെ കേരള ജനത നമിക്കുന്നു,, പണത്തിനുമീതെ ഒരു കോടതിയും ശബ്ദം ഉയർത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണത്തിന് ഇന്ന് ഈ ലോകം സാക്ഷ്യം വഹിച്ചു,, ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്,, വിധി എങ്ങനെ വന്നാലും സത്യം സത്യമായി തുറന്നു പറയാൻ കഴിഞ്ഞു എന്ന ഉറച്ച വിശ്വാസത്തിൽ ഉറങ്ങാൻ കഴിയും എന്നാൽ ഇന്ന് നീതി പീഠം ഉറങ്ങില്ല,, 100%,,, ഇതോ? സത്യമേവ ജയതേ!
മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ ഇന്ന് കോടതിയിൽ വായിച്ചു കേൾപ്പിച്ചു അത്ര തന്നെ, പണവും പതവിയും ആൽബലവും എവിടെ,, അവിടെ നീതി കണ്ണടക്കും,,, ഇതാണ് ഇനി നാം കാണാൻ പോകുന്നതും ചിലപ്പോൾ നാളെയുടെ തുടക്കം പലതും സംഭവിച്ചേക്കാം,, ജനനത്തേക്കാൾ സത്യമാണ് മരണം,,, 10 വർഷം ആലുവയിൽ താമസിച്ച ഞാൻ അവിടെ കണ്ട കാഴ്ചകൾ അസത്യം ആയിരുന്നോ , എന്റെ കണ്ണുകൾ കള്ളം പറഞ്ഞതോ,, സത്യം വിളിച്ചു പറഞ്ഞപ്പോൾ ചുറ്റിനും ഞാൻ അന്ന് കണ്ടു പരിഹാസം നിറഞ്ഞ ചിരികൾ,, ഇന്നും ഞാൻ കാണുന്നു എന്റെ നേരെ നീളുന്ന ചില പരിഹാസങ്ങൾ,,,, ’ രഞ്ജു രഞ്ജിമാര്‍ കുറിച്ചു.