-->
സംഗീതാസ്വാദകര്‍ക്ക് ഏറെയിഷ്ടമുള്ള ഗായകനാണ് ബിജു നാരായണന്‍. പത്തു വെളുപ്പിന്...., മാരിവില്ലിന്‍ ഗോപുരങ്ങള്‍..., സൂര്യനായ് തഴുകി..., കളഭം തരാം..., മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി പാട്ടുകള്‍ പാടിയിട്ടുള്ള പിന്നണി ഗാകനായ ബിജുവിനെ ഇന്നും അലട്ടുന്ന നോവാണ് ഭാര്യ ശ്രീലതയുടെ വിയോഗം. ശ്രീലതയുടെ മരണം മലയാളികള്‍ ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ശ്രീലതയും ബിജുവും വിവാഹിതരായത്. ക്യാൻസര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ശ്രീലതയുടെ മരണം.
2019 ല്‍ തന്നെ വിട്ടു പോയ ശ്രീലതയുടെ ഭാര്യയുടെ ഓർമകളിലാണ് ബിജു നാരായണൻ ഇന്നും ജീവിക്കുന്നത്. താനും ശ്രീലതയും തമ്മില്‍ വലിയൊരു ആത്മബന്ധമുണ്ടായിരുന്നു എന്ന് ബിജു എപ്പോഴും പറയാറുണ്ട്. ഇടയ്ക്ക് ശ്രീലതയുടെ ഓർമകളും ബിജു പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ശ്രീലതയുടെ അസുഖത്തെക്കുറിച്ചും വിയോഗത്തെക്കുറിച്ചും തുടർ ജീവിതത്തെക്കുറിച്ചും ബിജു നാരായണന്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ നൊമ്പരത്തോടെ ഏറ്റെടുക്കുന്നത്. ആറു വര്‍ഷം കഴിഞ്ഞെങ്കിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ടെന്നും ആ സ്ഥാനത്ത് വേറെ ഒരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നുമാണ് ബിജു പറയുന്നത്.
‘‘എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ദൈവം തന്നെയാണ് ഞങ്ങളെ ഒരുമിപ്പിച്ചതും പിന്നീട് വേര്‍പെടുത്തിയതും. ശ്രീയെ ഈ ലോകത്തു നിന്ന് കൊണ്ടുപോയതും ദൈവമാണ്. എല്ലാം വിധിയാണ്. എന്നെയും ശ്രീയെയും ഒരുമിപ്പിച്ചതും പിന്നീട് ശ്രീയെ ഈ ലോകത്തു നിന്ന് കൊണ്ടു പോയതും രോഗ വിവരം അറിയാൻ വെെകി. പക്ഷെ നമുക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. നാലാമത്തെ സ്റ്റേജ് ആയിരുന്നു. രോഗം സ്ഥിരീകരിച്ച സമയത്ത് ആറ് മാസമാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നെ ഗംഗാധരൻ ഡോക്ടറുടെയടുത്ത് പോയി. അദ്ദേഹം ഒരു നാല് മാസം കൂടി കൂട്ടി തന്നു. 2018 ഒക്ടോബറില്‍ രോഗം കണ്ടുപിടിച്ചു. 2019 ഓഗസ്റ്റ് 13-ാം തിയതി ഈ ലോകത്ത് നിന്നും പോയി.
ശ്രീയുടെ രോഗവിവരം കണ്ടുപിടിച്ച പത്ത് മാസക്കാലം ഞാൻ പ്രോഗ്രാമുകളൊന്നും എടുത്തിരുന്നില്ല. റെക്കോർഡിംഗ്സ് കുറച്ച് നാളത്തേക്ക് മാറ്റി വെച്ചു. പാടാൻ പറ്റുന്ന മാനസികാവസ്ഥയായിരുന്നില്ല. വലിയ ഗ്യാപ്പുണ്ടായി. പിന്നീട് ശ്രീ തന്നെ നിർബന്ധിച്ചിട്ട് റെക്കോർഡിംഗിന് പോയി. ചില ചാനല്‍ പ്രോഗ്രാമുകള്‍ക്ക് പോയി.
ശ്രീ പോയിക്കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു പ്രശ്നമായിരുന്നു. അത് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കൊവിഡ് വന്നു. 2020 മാർച്ച് മാസമായപ്പോഴേക്കും ലോക്ഡൗണായി. ആ സമയം എനിക്ക് മാനസികമായി ഭയങ്കര പ്രോബ്ലം ആയിരുന്നു. കാരണം 24 മണിക്കൂറും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്നത് എന്നെ നന്നായി ബാധിച്ചു. ശ്രീയുടെ ഓർമകളില്‍ തന്നെയായിരുന്നു ഞാന്‍.
എന്റെ വീട്ടില്‍ എല്ലാ കാര്യങ്ങളും പുള്ളിക്കാരിയാണ് ചെയ്ത് കൊണ്ടിരുന്നത്. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും ബാങ്കിംഗ് ഇടപാടുകളും ഇൻകം ടാക്സുമെല്ലാം നോക്കിയിരുന്നത് പുള്ളിക്കാരിയാണ്. അറിഞ്ഞാണോ അറിയാതെയാണോ എന്നറിയില്ല. എല്ലാ കാര്യങ്ങളും എഴുതി വെച്ച് എന്നെ കാര്യങ്ങളൊക്കെ പറഞ്ഞ് പഠിപ്പിച്ച് എന്നെ ബോധവാനാക്കിയ ശേഷമാണ് ഈ ലോകം വിട്ടത്.
ആ സമയത്ത് മൂത്ത മകൻ സിദ്ധാര്‍ത്ഥ് എല്‍എല്‍ബിയായിരുന്നു. ഇളയവൻ സൂര്യ പത്താം ക്ലാസിലും. വിവാഹത്തിനുള്ള പ്രൊപ്പോസലുകള്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴും. പക്ഷെ എനിക്ക് ശ്രീക്ക് പകരം ഒരാളെ സങ്കല്‍പ്പിക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം.
ആറ് വർഷമായെങ്കിലും എനിക്ക് വീട്ടില്‍ ശ്രീയുടെ സാന്നിധ്യം ഉണ്ട്. സിനിമയ്ക്ക് പോകുമ്പോള്‍ ചില സമയത്ത് തൊട്ടടുത്ത സീറ്റ് കൂടി ബുക്ക് ചെയ്തിടും. കാരണം മുമ്പ് എനിക്ക് റെക്കോർഡിംഗ് ഇല്ലാതിരിക്കുകയും പിള്ളേർ സ്കൂളിലും പോയിക്കഴിഞ്ഞാല്‍ ഞങ്ങളുടെ ആകെപ്പാടെയുള്ള ഹോബി സിനിമയാണ്. ഞങ്ങള്‍ ഒരുമിച്ചേ സിനിമയ്ക്ക് പോകുമായിരുന്നുള്ളൂ. ട്രാവലിംഗ് സമയത്ത് ഞാൻ ശ്രീയെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ഇപ്പോഴും ഫ്ലെെറ്റ് പൊങ്ങുമ്പോള്‍ പുള്ളിക്കാരി കൂടെയുണ്ടെന്ന അടുത്തുണ്ടെന്ന ഫീലിംഗ് ആണ്. ഈ സംസാരിക്കുന്ന സമയത്തു പോലും ശ്രീയുടെ സാന്നിധ്യം അറിയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ടാണ് വേറൊരാളെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്തത്.
ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലെ ‘ദൂരെ ദൂരെ ഇതള്‍ വിരിയാനൊരു....’ എന്ന പാട്ടിന് രണ്ടുമൂന്നു അവാര്‍ഡുകള്‍ കിട്ടിയിരുന്നു. അതില്‍ റെഡ് എഫ് എമ്മിന്റെ അവാര്‍ഡ് വാങ്ങാന്‍ ഞാനും ശ്രീയും മക്കളും കൂടിയാണ് പോയത്. ഞങ്ങള്‍ ഒരുമിച്ചു പോയ അവസാനത്തെ ഫംഗ്ഷന്‍ അതായിരുന്നു. പ്രളയത്തിന്റെ സമയമാണന്ന്. അന്ന് ഞങ്ങള്‍ അവാര്‍ഡ് വാങ്ങി അഡ്ലക്സില്‍ നിന്ന് വരുമ്പോള്‍ കാരണം ആലുവ പാലത്തിലൊക്കെ ഗതാഗതം നിയന്ത്രിച്ച് അടച്ചിട്ടിരിക്കുകയാണ്. എന്റെ ഈ വീട്ടിലൊക്കെ പത്തടിയിലധികം വെള്ളം കയറി. വെള്ളമിറങ്ങിക്കഴിഞ്ഞ് ക്ലീനിംഗ് ഒക്കെ ഞങ്ങള്‍ ചെയ്തു. അതു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ശ്രീയുടെ രോഗം തിരിച്ചറിയുന്നത്. അതുവരെ ഒരു സൂചന പോലുമുണ്ടായിരുന്നില്ല. അന്നു പോയ ചിത്രങ്ങളൊക്കെ കാണുമ്പോള്‍ വല്ലാത്തൊരു നൊമ്പരമാണ്. അതൊക്കെ ഇപ്പോഴും വേട്ടയാടുന്നതാണ്...’’ ബിജു നാരായണന്‍ പറയുന്നു. ഗായകന്റെ വാക്കുകളിലെ ഇടര്‍ച്ചയും നൊമ്പരവും കണ്ട് കാഴ്ചക്കാരും തങ്ങളുടെ ദുഃഖം കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുന്ന ഭര്‍ത്താവിനെ കിട്ടുകയെന്നതു തന്നെയാണ് വലിയ ഭാഗ്യമെന്നതടക്കമാണ് കമന്റുകള്‍.