-->
കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നാണ് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും തമ്മിലുളള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷിയുടെ മിശ്രവിവാഹം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒരുഘട്ടത്തില്‍ ദമ്പതികള്‍ക്കെതിരെ അധിേക്ഷപങ്ങളുയര്‍ന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളിലെ വിവാഹചിത്രങ്ങളുടെ കമന്റ് ബോക്‌സ് ഇരുവരും പൂട്ടി. തന്റെ വിവാഹത്തെക്കുറിച്ചും കമന്റ് ബോകസ് പൂട്ടിയതിനെക്കുറിച്ചും ഇപ്പോള്‍ മനസുതുറക്കുകയാണ് സൊനാക്ഷി.
"എല്ലാവരും എന്തിനാണ് ഇത്രയധികം ദേഷ്യപ്പെട്ടതെന്നും അതിൽ ബോധവാൻമാരാകുകയും ചെയ്തത് എന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാൽ, ഇതൊക്കെ വെറും ബഹളം മാത്രമാണ്. മിശ്രവിവാഹം നടത്തിയ ആദ്യത്തെ ആളല്ല ഞാന്‍. അവസാനത്തേതുമല്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണത്.
അതില്‍ എനിക്കറിയാത്ത ആളുകള്‍ പോലും അഭിപ്രായം പറഞ്ഞു. ആ സമയത്ത് തന്നെ അത് വെറും മണ്ടത്തരമായി തോന്നിയിരുന്നു. ഞങ്ങൾ വളരെക്കാലമായി ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു, ഒടുവിൽ അത് സംഭവിച്ചു. ബാക്കിയുള്ള ജീവിതം ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അത് ഞങ്ങള്‍ക്ക് വളരെ മനോഹരമാണ്. അതിനാലാണ് ആ ബഹളങ്ങള്‍ ഒഴിവാക്കിയത്", നടി പറഞ്ഞു.
"പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രം നമ്മളിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ആ സമയത്ത് അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. നമ്മൾ ജീവിക്കുന്നത് ഒരു സോഷ്യൽ മീഡിയ ലോകത്താണ്, അതുകൊണ്ട് എനിക്ക് എന്റെ കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു. എന്റെ വിവാഹദിനത്തിൽ എന്നെക്കുറിച്ചോ, എന്റെ പങ്കാളിയെക്കുറിച്ചോ, എന്റെ കുടുംബത്തെക്കുറിച്ചോ ഒരു നെഗറ്റീവ് കാര്യം പോലും വായിക്കാൻ ഞാൻ ആഗ്രഹിച്ചില്ല".- സൊനാക്ഷി കൂട്ടിച്ചേർത്തു.