-->
ഇടതുപക്ഷം വർഷങ്ങളായി നടത്തുന്ന കോടികളുടെ അഴിമതികൾ തുടരാനാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നഗരസഭയിൽ 40% കമ്മീഷൻ ഭരണമാണ് നടക്കുന്നത്. നഗരവികസനത്തിനായി നൽകിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതിൽ സിപിഎം ഭരണസമിതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടേണ്ടിവരും.
കിച്ചൺ ബിൻ അഴിമതി മുതൽ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികൾ വരെ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്നതിന്റെ തെളിവുകൾ വാർത്താ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പുറത്തുവിട്ടു.
2016 മുതൽ 2025 വരെ തിരുവനന്തപുരം നഗരസഭ ഉറവിട മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പദ്ധതികൾക്ക് ടെൻഡർ വേണമെന്ന നിയമം ലംഘിച്ച് നടപടികൾ പാലിക്കാതെ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒമേഗ എക്കോടെക്ക് കമ്പനിയെ നഗരസഭ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചു. എന്നാൽ ശുചിത്വ മിഷൻ്റെ അംഗീകാരം ഒമേഗ എക്കോടെക്കിന് ഇല്ലാത്തത് ചൂണ്ടി കാണിച്ചപ്പോൾ പദ്ധതി IRTCE യെ ഏൽപ്പിക്കുകയും, ഉപകരണങ്ങൾ ഒമേഗ എക്കോടെക്കിൽ നിന്ന് തന്നെ വാങ്ങണമെന്ന നിബന്ധന കരാറിൽ വയ്ക്കുകയും ചെയ്തു.
പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന് പറഞ്ഞ് 2019 ൽ ഒൻപത് കോടി രൂപ ഒമേഗ എക്കോടെക്കിന് തന്നെ നൽകി. മറ്റൊരു 11,13,114 രൂപ നഗരസഭയിൽ വേതനം വാങ്ങി കൺസൾട്ടൻ്റായി പ്രവർത്തിക്കുന്ന സുഗതൻ എന്ന വ്യക്തിക്ക് ഒമേഗാ ഇൻഫോടെക്കിന് വേണ്ടി നല്കിയതായി രേഖയുണ്. ഇക്കാര്യത്തിൽ ബി ജെ പി യുടെ ആവശ്യപ്രകാരം വിജിലൻസ് കേസ് എടുത്തപ്പോൾ അന്വേഷിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നിയോഗിച്ചത് ഒമേഗ എക്കോടെക്കിന്റെ ഉല്പന്നങ്ങൾ തന്നെ വാങ്ങണമെന്ന് ഐആർടിസിഇ യോട് നിഷ്കർഷിച്ച ഉമ്മു സൽമ എന്ന ഉദ്യോഗസ്ഥയെ തന്നെയാണന്നും, ഒരു ബിൻ 1440 രൂപയ്ക്ക് വിതരണം ചെയ്യാമെന്ന് പറഞ്ഞ കരാറ് കാരനെ ഒരു സി പി എം കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് ഒഴിവാക്കി. പർച്ചേസ് കമ്മിറ്റിയുടെ ഒരു കോടി എന്ന പരിധി ലംഘിച്ചാണ് ഒമേഗാ എക്കോടെക്കിന് അനുമതി നല്കിയെതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.