-->
ഈയടുത്ത് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന പേരാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്. ആരോപണങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് രാഹുലിന്റെ പേരില്‍ പല യുവതികളും ഉന്നയിക്കുന്നത്. ഈ കേസിനെ രാഷ്ട്രീയപരമായും ചിലര്‍ നേരിടുന്നുണ്ട്. സോഷ്യല്‍ മീഡിയയലിടക്കം ഈ സംഭവം പലരും പല രീതിയില്‍ ഏറ്റെടുക്കുന്നുണ്ട്.
ഇപ്പോഴിതാ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പറയുകയാണ് എം.മുകേഷ് എംഎല്‍എ. തന്റെ വായില്‍ നിന്ന് ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ഉണ്ടാവില്ലെന്നും തന്റെ പേര് പറയുന്നത് കോണ്‍ഗ്രസിന്റെ കച്ചിത്തുരുമ്പല്ലേയെന്നും അത് പറയട്ടെയെന്നും പറയുകയാണ് മുകേഷ്.
‘‘എന്റെ വായില്‍ നിന്ന് ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ഉണ്ടാവില്ല. അത്തരത്തിലുള്ള രാഷ്ട്രീയം എന്റെ ഭാഗത്ത് നിന്ന് മുന്‍പും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകില്ല. എന്റെ പേര് പറയുന്നത് കോണ്‍ഗ്രസിന്റെ കച്ചിത്തുരുമ്പല്ലേ, അത് പറയട്ടെ.
എനിക്കെതിരെ ഉണ്ടായ കാര്യങ്ങള്‍ ഏശിയിട്ടില്ല. അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റബോധം ഉണ്ടാകും. ഇത് കോടതിക്ക് മുന്നിലുള്ളതാണ്. സത്യം തെളിയട്ടെ അതിനുള്ള ശുഭാപ്തി വിശ്വാസമുണ്ട്. മഹിളാ ജനാധിപത്യ അസോസിയേഷൻ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് അവരുടെ അഭിപ്രായമാണ്. എന്റെ അഭിപ്രായം പറയാൻ ആയിട്ടില്ല , ഇതെല്ലാം കഴിയട്ടെ.
എന്റെ ശ്രദ്ധ മുഴുവൻ കൊല്ലത്തിന്റെ വികസനത്തിലായിരുന്നു. എന്നെ തേടിയെത്തുന്ന റോളുകള്‍ മനോഹരമാക്കും എന്നതിനെക്കുറിച്ചും ആലോചിക്കും. കാസര്‍കോട് മുതല്‍ പാറശ്ശാല വരെ സഞ്ചരിച്ചാലും ഒരാളും എന്നോട് വിവാദങ്ങളെക്കുറിച്ച് ചോദിക്കില്ല. എന്നെ കണ്ടാല്‍ ഓടിവന്ന് ചേട്ടാ അടുത്ത സിനിമ ഏതാണെന്നേ ചോദിക്കൂ... അല്ലെങ്കില്‍ എംഎല്‍എ ആയിട്ട് എങ്ങനെയുണ്ടെന്ന് ചോദിക്കും...’’ മുകേഷ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസ് മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും എം.എല്‍.എയെ പുറത്താക്കിയിരുന്നു. തുടർന്ന് മുകേഷ് ഉള്‍പ്പടെയുളള ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ ആരോപണം ഉയർന്നപ്പോള്‍ എന്ത് നടപടിയാണ് സി.പി.എം സ്വീകരിച്ചതെന്നും ചോദ്യമുയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ മുകേഷിന്റെ പ്രതികരണം പുറത്ത് വരുന്നത്. ഒരു പ്രമുഖ മാധ്യമത്തിനോടാണ് മുകേഷ് എംഎല്‍എയുടെ പ്രതികരണം.