-->
ബോളിവുഡിനെ മുതലകള്‍ നിറഞ്ഞ ഇടത്തോട് ഉപമിച്ച് നടി ദിവ്യ ഖോസ്‌ല. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡിറ്റില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അവര്‍.
ബോളിവുഡിലെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എങ്ങനെ മാനസികാരോഗ്യം നിലനിര്‍ത്തുന്നുവെന്നാണ് ദിവ്യയോട് ഒരാള്‍ ചോദിച്ചത്. ബോളിവുഡ് എന്നത് മുതലകള്‍ നിറഞ്ഞ ഒരു സ്ഥലമാണെന്നും അവിടെ നിങ്ങള്‍ സ്വയം വഴിയൊരുക്കേണ്ടി വരുമെന്നും താന്‍ കരുതുന്നു എന്നാണ് ദിവ്യ മറുപടി പറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ നിങ്ങളുടെ സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചുനില്‍ക്കുക എന്നതാണ്.ജോലി നേടാന്‍ വേണ്ടി തന്റെ ആത്മാവിനെ ഒരിക്കലും വില്‍ക്കില്ല. അത് നടന്നാല്‍ നന്ന്, നടന്നില്ലെങ്കിലും നന്ന്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ ഉയരങ്ങളിലെത്തുമ്പോള്‍ നിങ്ങളുടെ കൂടെ കൊണ്ടുപോകാന്‍ നല്ല കര്‍മങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടായിരിക്കണമെന്നും ദിവ്യ ഖോസ്‌ല പറഞ്ഞു.
ഏത് സിനിമയില്‍ പ്രവര്‍ത്തിച്ചതാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നായിരുന്നു മറ്റൊരു ചോദ്യം. '' തീര്‍ച്ചയായും അത് സാവിയാണ്. യുകെയില്‍ മൈനസ് 10 ഡിഗ്രിയില്‍ 42 ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണമായിരുന്നു.എന്നാല്‍ നിര്‍മ്മാണം വളരെ ചിട്ടയോടുകൂടിയായിരുന്നു.'' അവര്‍ മറുപടി പറഞ്ഞു. വിവാഹമോചിതയാണോ എന്ന ചോദ്യത്തിന് ഇല്ലെന്നും എന്നാല്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവും ടി- സീരീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ്‍ കുമാറാണ് ദിവ്യയുടെ ഭര്‍ത്താവ്.
അതേസമയം നീല്‍ നിതിന്‍ മുകേഷ് നായകനായ ' ഏക് ചതുര്‍ നാര്‍' എന്ന ചിത്രത്തിലാണ് ദിവ്യ ഒടുവില്‍ വേഷമിട്ടത്.