-->
അനിമല്‍ പോലെ ഒരു സ്ത്രീവിരുദ്ധ ചിത്രം താന്‍ ഒരിക്കലും ചെയ്യില്ലെന്ന് നടി രസിക ദുഗല്‍. അനിമല്‍ പോലെയുളള സിനിമകള്‍ ഒരിക്കലും ആഘോഷിക്കപ്പെടരുതെന്നും അതൊന്നും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും നടി പറഞ്ഞു. അഭിനയിക്കുന്ന സിനിമകളിലെ രാഷ്ട്രീയം തന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നും അവര്‍ പറഞ്ഞു. വീ ദ വിമണ്‍ ഏഷ്യാ ഇവന്റില്‍ സംസാരിക്കുകയായിരുന്നു രസിക.
'അനിമല്‍ പോലെയൊരു സ്ത്രീവിരുദ്ധ സിനിമ ഞാൻ ഒരിക്കലും ചെയ്യില്ല. സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമ എന്നതിലുപരി അതൊരു പ്രൊപ്പഗണ്ട ചിത്രം കൂടിയാണ്. അത്തരം സിനിമകള്‍ ആഘോഷിക്കപ്പെടരുത് എന്നാണ് എന്റെ അഭിപ്രായം. മിര്‍സാപൂരില്‍ എന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡാണെങ്കിലും അതിലെ കഥ ഒരിക്കലും സ്ത്രീവിരുദ്ധമല്ല. സ്ത്രീ വിരുദ്ധതയും, പ്രൊപ്പഗണ്ടയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.
എന്റെ രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ ചെയ്യാറുമുണ്ട്. ജീവിതത്തില്‍ ഞാന്‍ ബീന തൃപാഠിയെപ്പോലെ ആളുകളെ കൊല്ലുകയോ പുരുഷന്മാരെ മുതലെടുക്കുകയോ ചെയ്യുന്ന ആളല്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതിലൂടെ ആ കഥാപാത്രങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കും. അതിനുവേണ്ടിയാണ് ഞാന്‍ അഭിനയിക്കുന്നതു തന്നെ. പക്ഷെ സിനിമയുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്', രസികയുടെ വാക്കുകൾ.
താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന്റേത് ഇരട്ടത്താപ്പാണെന്നാണ് ചിലര്‍ പറയുന്നത്. മിര്‍സാപൂര്‍ ചെയ്തയാള്‍ ഇങ്ങനെ പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഗായിക മാലിക അവസ്തി പറയുന്നുണ്ട്. അനിമല്‍ പോലൊരു സിനിമ ചെയ്യില്ലെന്ന് പറയുന്നത് കിട്ടാത്ത മുന്തിരി പുളിക്കും എന്നതിന് തുല്യമാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. അനിമലിനേക്കാളും സ്ത്രീവിരുദ്ധമാണ് മിര്‍സാപൂരെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്.
എന്നാല്‍ മിര്‍സാപൂരിനെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് രസിക പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായിട്ടില്ലെന്നാണ് മറ്റ് ചിലരുടെ പ്രതികരണം. സ്ത്രീവിരുദ്ധതയേയും വില്ലന്മാരേയും ആഘോഷിക്കുകയല്ല സീരീസ് ചെയ്യുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.