-->
കാന്താര: ചാപ്റ്റര്‍ 1 എന്ന ചിത്രത്തിലെ ദൈവക്കോലത്തെ അനുകരിച്ച സംഭവത്തില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ പോലീസില്‍ പരാതി. ബെംഗളൂരു സ്വദേശിയായ അഭിഭാഷകന്‍ പ്രകാശ് മെത്തല്‍ ആണ് താരത്തിനെതിരെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രണ്‍വീറിന്റെ അനുകരണം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
നവംബര്‍ 28ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ( IFFI) വെച്ചാണ് രണ്‍വീര്‍ സിങ് കാന്താരയിലെ ഒരു രംഗം അനുകരിച്ചത്്. ' കാന്താര ചാപ്റ്റര്‍ 1' നെയും അതിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയേയും പ്രശംസിക്കുന്നതിനിടയില്‍, രണ്‍വീര്‍ സിങ് ' ദൈവ' രൂപത്തെ '' സ്ത്രീ പ്രേതം'' എന്ന് വിശേഷിപ്പിച്ചതായാണ് പ്രകാശിന്റെ പരാതിയില്‍ പറയുന്നത്. ഇത് മതവിശ്വാസങ്ങള്‍ക്ക് നേെരയുളള അവഹേളനമാണെന്നും അഭിഭാഷകന്‍ അവകാശപ്പെടുന്നു.
ഭാരതീയ ന്യായ സംഹിത (BNS) 2023 ലെ 299, 302, 196 വകുപ്പുകള്‍ പ്രകാരമാണ് അഭിഭാഷകന്‍ രണ്‍വീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്‍വീറിന്റെ നിയമവിരുദ്ധവും അധിക്ഷേപകരവുമായ പ്രവൃത്തികള്‍ ലക്ഷക്കണക്കിനുപേരുടെ പ്രത്യേകിച്ച് കര്‍ണാടകയിലെ തുളു ഭാഷ സംസാരിക്കുന്ന സമൂഹത്തിന്റെ വികാരങ്ങളെ പ്രവണപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. IFFI സമാപന ചടങ്ങിലെ പ്രസംഗത്തിനിടയില്‍ നടന്‍ അനാദരവോടെ സംസാരിച്ചതായും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
ഐഎഫ്എഫ്‌ഐ സമാപനവേദിയില്‍ കാന്താരയിലെ ഋഷഭിന്റെ പ്രകടനത്തെ അഭിനന്ദിച്ച ശേഷമാണ് രണ്‍വീര്‍ അതിലെ രംഗം അനുകരിച്ചത്. ' ഞാന്‍ കാന്താര 1 തിയേറ്ററില്‍ പോയി കണ്ടു. ഋഷഭ്, നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് സ്ത്രീ പ്രേതം നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന രംഗം അതിശയകരമായിരുന്നു.'- എന്നാണ് രണ്‍വീര്‍ പററഞ്ഞത്. തന്റെ പരാമര്‍ശം വിവാദമായതോടെ മാപ്പ് പറഞ്ഞ് രണ്‍വീര്‍ സിങ് എത്തിയിരുന്നു.