-->
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും തിളങ്ങി നില്‍ക്കുന്ന താരമാണ് ഷാജു ശ്രീധര്‍. ഹാസ്യകഥാപാത്രങ്ങള്‍ മാത്രമല്ല സീരിയസ് വേഷങ്ങളും ഗൗരവം നിറയുന്ന കഥാപാത്രങ്ങളും തനിക്കിണങ്ങുമെന്ന് നിരവധി സിനിമകളിലൂടെ ഷാജു തെളിയിച്ചിട്ടുണ്ട്. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്ത ഇവര്‍ ഇന്നും പരസ്പരം പ്രണയിച്ചാണ് ജീവിക്കുന്നത്. രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
വിവാഹശേഷം അഭിനയം ഉപേക്ഷിച്ച ചാന്ദ്‌നി തന്റെ നൃത്തവിദ്യാലയവും അതിന്റെ പരിപാടികളുമായി തിരക്കിലാണ്. ഷാജുവാണെങ്കില്‍ മലയാള സിനിമയിലും നിറഞ്ഞു നില്‍ക്കുന്നു. ‘തലവര’യാണ് ഷാജുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒളിച്ചോടിയുള്ള തന്റെ വിവാഹത്തെക്കുറിച്ചും കലാഭവന്‍ നവാസിന്റെ കുടുംബത്തെക്കുറിച്ചും ഷാജുവും ചാന്ദ്നിയും പങ്കിടുന്നതാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലേക്ക് കയറാനുള്ള പ്രധാന കാരണം മോഹന്‍ലാലിന്റെ ശബ്ദവുമായുള്ള സാമ്യതയായിരുന്നുവെന്നും ഷാജു പറയുന്നു. ‘‘മോഹന്‍ലാലിനെ അനുകരിച്ചുകൊണ്ട് ആയിരുന്നു എന്റെ കരിയറിന്റെ തുടക്കം. ഫിഗറിലും സാമ്യത തോന്നിയത് കൊണ്ടാണ് അത് ഹിറ്റായത്. മോഹന്‍ലാലിന്റെ ശബ്ദവുമായുള്ള സാമ്യത ആയിരുന്നു സിനിമയിലേക്ക് എത്താനുള്ള കാരണം. ഷാജു എന്ന് പറയുന്നത് ഒരു സമയം വരെ മോഹന്‍ലാലിന്റെ പേര് കൂടി ചേര്‍ത്തായിരുന്നു. അന്ന് അദ്ദേഹം കത്തി നില്‍ക്കുന്ന സമയമായിരുന്നു...
ഒളിച്ചോടിയാണ് ഞങ്ങള്‍ കല്യാണം കഴിച്ചത്. അതുകൊണ്ടാണ് ചാന്ദ്നി കല്യാണ ഫോട്ടോയില്‍ ചുരിദാര്‍ ധരിച്ചു നില്‍ക്കുന്നത്. ഇട്ട ഡ്രസിലാണ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി വന്നത്. ഞാന്‍ പക്ഷേ വിവാഹം സ്വപ്നം കണ്ടിരുന്നത് കൊണ്ട് വെള്ള ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. വീടെത്തും മുമ്പ് രജിസ്റ്റര്‍ മാരേജ് ചെയ്തു. അടുത്തുള്ള അമ്പലത്തില്‍ വച്ച് താലികെട്ടും നടത്തി. ഒരു ദിവസം കൊണ്ട് എല്ലാ പ്രശ്‌നവും സോള്‍വ് ആയി. വീട്ടുകാര്‍ നേരത്തെ സമ്മതിച്ചിരുന്നെങ്കില്‍ ഒളിച്ചോടേണ്ടി വരില്ലായിരുന്നു. വീട്ടില്‍ അവതരിപ്പിച്ചിട്ടും സമ്മതിച്ചില്ല. മകളുടെ വരന്‍ മിമിക്രി കാരന്‍ ആണ് എന്നത് അവര്‍ക്ക് താല്പര്യം ഇല്ലായിരുന്നു. അന്ന് ഇവളടെ അമ്മയൊക്കെ എന്നെ കാണുമ്പോള്‍ മുഖം വീര്‍പ്പിക്കും. അപ്പോള്‍പ്പിന്നെ ഞാന്‍ വിചാരിച്ചു എങ്ങനെ പ്രണയം പറയും. അങ്ങനെ ഞാന്‍ പറഞ്ഞു ഒന്നുകില്‍ ഈ പറയുന്ന ഡേറ്റ് അപ്പോ നമുക്ക് കല്യാണത്തിന്റെ മുഹൂര്‍ത്തം നോക്കണല്ലോ എന്ന്. എന്റെയൊരു വല്യച്ഛന്റെ മകന്റെ വിവാഹം അന്നാണ്. അപ്പോ ആ ദിവസം എന്തായാലും മുഹൂര്‍ത്തം നല്ലതായിരിക്കുമല്ലോ. അങ്ങനെ ഒരു ഒക്ടോബര്‍ 27-ാം തീയതി വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചു. എന്റെ അച്ഛനും അമ്മയുമൊക്കെ വല്യച്ഛന്റെ മോന്റെ കല്യാണത്തിന് പോയിരിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ ഇവളെ പോയി വിളിച്ചിറക്കി ആ മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം ചെയ്തു. 300 രൂപയും കൊണ്ടാണ് ഒളിച്ചോടിയത്. അവളുടെ കയ്യിലും ഒന്നും ഇല്ലായിരുന്നു...’’ ഷാജു പറയുന്നു.
കലാഭവന്‍ നവാസുമായുള്ളത് അടുത്ത സൗഹൃദമായിരുന്നുവെന്നും ഷാജുവും ചാന്ദ്നിയും പറയുന്നു. ‘‘ഇടയ്ക്ക് നവാസ് രഹ്നയെ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തിയിട്ട് ഉദ്ഘാടനത്തിനും മറ്റും പോകും. ഇവളും രഹ്നയും തമ്മില്‍ നല്ല അടുപ്പമുണ്ട്...
അവള്‍ പൂര്‍ണമായും നവാസിക്കയെ ആശ്രയിച്ചാണ് നിന്നത്. പക്ഷെ അവള്‍ ഇപ്പോള്‍ പറയുന്നത് നവാസിക്ക ഇതൊക്കെ അറിഞ്ഞത് പോലെയാണ് കുറേക്കാലമായി പെരുമാറിയിരുന്നത് എന്നാണ്. അവളെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഇങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞ് കൊടുത്തു. കുടുംബ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അങ്ങനെ തോന്നുന്നെന്നാണ് രഹ്ന പറയുന്നത്. അവളുടെ ലോകം നവാസിക്കയായിരുന്നു.
സമയം സീരിയയില്‍ എന്റെ അനിയത്തിയായാണ് അവള്‍ അഭിനയിച്ചത്. അന്ന് തൊട്ടുള്ള അടുപ്പമാണ്. കല്യാണം കഴിഞ്ഞ ശേഷവും നവാസിക്ക അവളെ എറണാകുളത്ത് എന്റെ വീട്ടില്‍ കൊണ്ട് വരും. ഞങ്ങളുടെ വിവാഹ വാര്‍ഷികം ഒരേ ദിവസമാണ്. ഈ പ്രാവശ്യം ഞാന്‍ സ്റ്റാറ്റസൊന്നും ഇട്ടില്ല. അന്ന് വല്ലാതെ അവരെ മിസ് ചെയ്തു. കാരണം പരസ്പരം വിഷ് ചെയ്തിരുന്നവരാണ് ഞങ്ങള്‍.
നവാസ് കലാഭവനിലും ഞാന്‍ വേറെ ട്രൂപ്പിലുമായിരുന്നു. ഞാനും കോട്ടയം നസീറും കലാഭവന്‍ നവാസും കൂടെ 30 വര്‍ഷം മുമ്പ് ഷോ ചെയ്യുമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും മതിയായിരുന്നു. അല്ലാതെ കൂടുന്നതും ഞങ്ങള്‍ മൂന്ന് പേരുമായിരുന്നു. ഞങ്ങള്‍ക്കൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടായിരുന്നു. ആ ഗ്രൂപ്പിന്റെ അഡ്മിന്‍ ഞാനാണ്.
എനിക്കിഷ്ടപ്പെട്ട, ഞാനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആള്‍ക്കാരുടെ ഗ്രൂപ്പായിരുന്നു. പിന്നെ ആഡ് ചെയ്ത ആള്‍ക്കാരുണ്ട്. ആദ്യം വന്നത് കോട്ടയം നസീര്‍, നവാസ്, ജാഫര്‍ ഇടുക്കി, ഷാജോണ്‍, ജോര്‍ജേട്ടന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരെല്ലാമാണ്. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ കൂടുമായിരുന്നു. ജീവിതത്തില്‍ അത് പോലെ ചിരിച്ച അവസരങ്ങള്‍ വേറെ ഉണ്ടായിട്ടില്ല. നവാസിന്റെ ഒരുപാട് വീഡിയോകള്‍ എന്റെ കയ്യിലുണ്ട്.
അവന്‍ പോയ അന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ സംസാരിച്ചു. കുറേ നാള്‍ക്ക് ശേഷം അന്ന് സംസാരിച്ചതാണ്. ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ ഷൂട്ട് കാരണം പിന്നെ വിളിക്കാമെന്ന് പറഞ്ഞു. പിന്നെ ഉച്ചയ്ക്ക് രണ്ടരയോടെ വിളിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നു. വിശേഷങ്ങള്‍ പറഞ്ഞ് ഫോണ്‍ വച്ച ആളാണ് ആ ദിവസം അഞ്ചു മണിക്ക്.... ആ ദിവസത്തില്‍ ഷാജു ഏട്ടനെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയ പാട് കുറച്ചൊന്നുമല്ല. ..’’ വാക്കുകള്‍ ഇടറി ഷാജുവും ചാന്ദ്നിയും പറഞ്ഞു.
താനല്‍പ്പം കര്‍ക്കശക്കാരനായ അച്ഛനാണെന്നും ഷാജു പറയുന്നു. ‘‘വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ചെറിയ നിയന്ത്രണങ്ങള്‍ വെക്കാറുണ്ട്. ചേരാത്ത ഡ്രെസ്സൊക്കെ ഇട്ടോണ്ട് വരുമ്പോള്‍, ‘ത്രീ ഫോര്‍ത്ത് ഇട്ടോ, അതിന് അപ്പുറത്തേക്കുള്ളത് ഇടേണ്ട’ എന്ന് പറയും. എന്നാല്‍ മക്കള്‍ ഇതിന് മറുപടിയായി ‘വീട്ടിലല്ലേ, ഞങ്ങള്‍ സ്വതന്ത്രമായി നടന്നോട്ടെ’ എന്ന് പറയാറുണ്ട്.
കാലഘട്ടം മാറിയെന്ന് അറിയാമെങ്കിലും, പെണ്‍കുട്ടികള്‍ ശരീരത്തിന് യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും ഭംഗി എന്നാണ് ഷാജുവിന്റെ അഭിപ്രായം. ചിലര്‍ ചേരാത്ത വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണ് മോശം കമന്റുകള്‍ നേരിടേണ്ടി വരുന്നത്. വസ്ത്രധാരണം ഒരിക്കലും മോശമായി തോന്നുന്ന രീതിയില്‍ വള്‍ഗര്‍ ആകരുത്...’’ ഷാജു ശ്രീധര്‍ പറഞ്ഞു.