-->
ദുല്‍ഖര്‍ സല്‍മാന്‍- വിനായകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് ' കമ്മട്ടിപ്പാടം'. 2016ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസയും നേടി. താന്‍ കണ്ടതില്‍ ദുല്‍ഖറിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കമ്മട്ടിപ്പാടത്തിലേത് ആണെന്ന് പറയുകയാണ് വിനായകന്‍ ഇപ്പോള്‍.
ശരിക്കും അന്ന് ദുല്‍ഖറിനായിരുന്നു അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് എന്നും ക്ലബ്എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു. "ഞാൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് കമ്മട്ടിപ്പാടത്തിലേത്. കഥാപാത്രത്തിന്റെ ലൈഫ് സ്റ്റൈലിൽ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ദുൽഖർ.
എന്നാൽ നമ്മൾ ഇതിൽ ജീവിക്കുന്നവരാണ്. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്. ദുൽഖർ ആണ് ഏറ്റവും കൂടുതൽ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്. എനിക്കും മണികണ്ഠനും കഥയുടെ പശ്ചാത്തലവുമായി നല്ല ബന്ധമുണ്ട്. ദുൽഖർ പുറത്തുനിന്നു ഇങ്ങോട്ട് വന്നു വീണതാണ്", വിനായകൻ പറഞ്ഞു
മണികണ്ഠന്‍ ആചാരി, വിനയ് ഫോര്‍ട്ട്, അനില്‍ നെടുമങ്ങാട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച കലാസംവിധായകന്‍, മികച്ച എഡിറ്റിങ് എന്നീ അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു. മികച്ച നടനുളള അവാര്‍ഡ് ലഭിച്ചത് വിനായകനായിരുന്നു.
അതേസമയം മമ്മൂട്ടിയ്‌ക്കൊപ്പമുളള ' കളങ്കാവല്‍' ആണ് വിനായകന്റേതായി വരാനിരിക്കുന്ന ചിത്രം. ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.