-->
തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രണ്ടും പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആവശ്യവും ഇന്ന് കോടതി പരിശോധിക്കും.
മുദ്രവെച്ച കവറില്‍ രാഹുല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം അന്വേഷണസംഘവും കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കുട്ടത്തിലിന് ജാമ്യം നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് എത്തിയ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിച്ചേക്കും. ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍ ഈശ്വര്‍.
ഈ സാഹചര്യത്തില്‍ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുല്‍ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്. നിലവില്‍ സെന്‍ട്രല്‍ ജയിലിലേക്ക് രാഹുല്‍ ഈശ്വറിനെ മാറ്റിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ ഏഴു ദിവസമായി ഒളിവിലാണ്. രാഹുലിനെ പോലീസ് തെരയുകയാണ്. മറ്റൊരു യുവതി കൂടി രാഹുലിനെതിരെ പീഡന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടും. ഇതിനുശേഷമാകും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.