Friday, March 13, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 05.02 PM

‘ഭാസി അണ്ണന്‍ ഒന്ന് നുള്ളി നോവിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല; അദ്ദേഹം മരിച്ചശേഷം തോളില്‍ ചാരാനും വഴിതെറ്റിക്കാനും പലരും വന്നു....’ കാലടി ഓമന

അമ്മവേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന അഭിനേത്രിയായ കാലടി ഓമന ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുള്ള കുടുംബജീവിതം വളരെ സുന്ദരമായിരുന്നെന്ന് പറയുകയാണ്.
Kalady Omana
Kaladi Omana about her husband and family life (Image Source: Youtube)

ഒരുകാലത്ത് മലയാളസിനിമയില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് കാലടി ഓമന. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ താരം മികച്ച ഒരുപാട് അമ്മ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ദരിദ്രകുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടി മാത്രം അഭിനയത്തിലേക്ക് ഇറങ്ങിയ താരം പിന്നീട് സിനിമ തന്നെ തന്റെ ജീവിതമാര്‍ഗ്ഗമാക്കി. അഭിനയത്തില്‍ താരമിപ്പോള്‍ സജീവമല്ലെങ്കിലും വെള്ളിത്തിരയില്‍ താരമവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരിന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതാണ്.
ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാരാണെന്ന് ചോദിച്ചാല്‍ ഇന്നും ഭർത്താവിന്റെ പേരാണ് താരം പറയുന്നത്. പത്ത് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു കാലടി ഓമനയുടെ വിവാഹം.
ഇപ്പോഴിതാ 26 വര്‍ഷം മുമ്പ് മരിച്ചു പോയ തന്റെ ഭര്‍ത്താവ് തനിക്ക് എല്ലാം ഉണ്ടാക്കി തന്നശേഷമാണ് പോയതെന്ന് പറയുകയാണ് കാലടി ഓമന ഭർത്താവിന്റെ മരണശേഷം പലരും വിവാഹ ആലോചനകളുമായി വന്നുവെന്നും എന്നാല്‍ ഭർത്താവിന്റെ സ്ഥാനത്ത് മറ്റൊരാളെ തനിക്ക് സങ്കല്‍പ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും കാലടി ഓമന പറയുന്നു.
‘‘കുടുംബിനിയായശേഷം അഭിനയം നിർത്തിയപ്പോള്‍ വിഷമം തോന്നിയില്ല. കാരണം ജന്മം കൊണ്ട് കലാകാരിയാണ് എന്ന തോന്നല്‍ എനിക്ക് ഇല്ല. ജീവിക്കാൻ വേണ്ടി കലയെ സ്വീകരിച്ചുവെന്ന് മാത്രമെ ചിന്തിക്കാറുള്ളു. പൂർവികർക്ക് കലാബോധമില്ലായിരുന്നു. ഒരു പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു ഞാൻ. എനിക്ക് ഇന്നുള്ളതെല്ലാം എന്റെ ഭർത്താവിന്റെ കഴിവ് കൊണ്ട് കൂടി ഉണ്ടായതാണ്. ഒരു പൈസ പോലും അനാവശ്യമായി അദ്ദേഹം കളഞ്ഞിട്ടില്ല.
കിട്ടുന്ന പൈസയ്ക്ക് മുഴുവൻ സ്വർണ്ണം വാങ്ങി അദ്ദേഹം ലോക്കറില്‍ സൂക്ഷിച്ചു. ശേഷം രണ്ട് പെണ്‍ മക്കളേയും നന്നായി കെട്ടിച്ച്‌ അയച്ചു. നല്ലൊരു വീട്ടമ്മയായി ജീവിക്കാൻ ഞാൻ ഒരുപാട് മോഹിച്ചിട്ടുണ്ട്. എനിക്കൊക്കെ ഒരു ഭർത്താവിനെ കിട്ടുമോയെന്ന് പോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു. ആ കാലഘട്ടം അങ്ങനെയായിരുന്നു. അവിടെ നിന്ന് എന്നെ ഇവിടെ വരെ എത്തിച്ചത്, സമ്പന്നയാക്കിയത്.
ഭർത്താവ് എല്ലാം മേടിച്ചിരിക്കുന്നത് എന്റെ പേരിലാണ്. സർവീസില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്. ഭർത്താവ് പറഞ്ഞതുകൊണ്ടല്ല ഞാൻ അഭിനയം നിർത്തിയത്. ചെറുപ്പം മുതല്‍ ഞാൻ അഭിനയിക്കുകയല്ലേ... കുറച്ച്‌ കാലം ഓമന ഒന്ന് റെസ്റ്റെടുക്കട്ടേയെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്. ഒന്ന് നുള്ളി നോവിക്കുകയോ മോശമായി ഒരു വാക്ക് പറയുകയോ ഒന്നും ചെയ്തിട്ടില്ല. അങ്ങനൊരു ഭർത്താവ് ഉണ്ടാകുമോയെന്ന് സംശയമാണ്. പുള്ളിയെ കണ്ടാല്‍ എല്ലാവരും പറയും ലാലു അലക്സിന്റെ ഛായയാണെന്ന്.‍ അഭിനയിക്കാൻ അറിയില്ല. പക്ഷെ കവിത എഴുതുമായിരുന്നു. ദേശീയ അവാർഡ് കിട്ടിയതിന് തുല്യമാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നുവെന്നത്. സ്നേഹ സമ്പന്നനായിരുന്നു.
എനിക്കൊപ്പം ചെറിയ പെണ്‍കുട്ടികളൊക്കെ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ ഭർത്താക്കന്മാർ ചെയ്ത ഓരോ കാര്യങ്ങള്‍ എന്നോട് പറഞ്ഞ് വിഷമിക്കാറുണ്ട്. പക്ഷെ എന്റെ ഭർത്താവ് അങ്ങനൊന്നും എന്നോട് ചെയ്തിട്ടില്ല. ഇരുപത്തിയാറ് വർഷം മുമ്പാണ് അദ്ദേഹം മരിച്ചത്. ഭർത്താവ് മരിച്ചശേഷം തോളില്‍ ചാരാനും വഴിതെറ്റിക്കാൻ ശ്രമിച്ചുമെല്ലാം പലരും വന്നിട്ടുണ്ട്. അല്ലാതെ വിവാഹം കഴിക്കാമെന്ന് പറഞ്ഞും വന്നിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം ഞാൻ എന്റെ മക്കളെയാണ് ആലോചിച്ചത്. അവർ രണ്ടുപേരും സുന്ദരികളും മിടുക്കികളുമാണ്.
അവർക്ക് നല്ലൊരു ജീവിതം കിട്ടുമോ?. മക്കളെ എങ്ങനെയാകും അയാള്‍ നോക്കുക എന്നൊക്കെ ആലോലിച്ച്‌ രണ്ടാം വിവാഹം വേണ്ടെന്ന് വെച്ചു. ഭാസി അണ്ണന്റെ കൂടെയുള്ള ജീവിതത്തിന്റെ ഓർമകള്‍ പോരെ മുന്നോട്ട് ജീവിക്കാൻ എനിക്ക്. മറ്റാരും എന്റെ മനസില്‍ കയറിയിട്ടില്ല. അച്ഛനില്ലാത്ത മക്കള്‍ക്ക് നല്ല ആലോചന വരുമോയെന്ന ആശങ്ക എനിക്ക് ഉണ്ടായിരുന്നു.
പൈസയുണ്ടെങ്കിലും കല്യാണത്തിന് സഹായിക്കാനും മറ്റും ആളുകള്‍ വേണ്ടേ. സുകുമാരിയൊക്കെ ചേർന്നാണ് എന്റെ മക്കള്‍ക്ക് വിവാഹ ആലോചനകള്‍ കൊണ്ടുവന്നത്. മൂത്തമകളെ വിവാഹം കഴിച്ചത് പ്രവാസിയായ ബിസിനസുകാരനാണ്...’’ കാലടി ഓമന പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

Ads by Google
Tuesday 02 Dec 2025 05.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW