-->
മിമിക്രി വേദികളിലൂടെയും മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ താരമായിരുന്നു സുബി സുരേഷ്. അകാലത്തിലുള്ള സുബിയുടെ വേര്‍പാട് ഇന്നും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു വിങ്ങലാണ്. ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്ക്കാവുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സുബി വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. നര്‍മ്മരസം കലര്‍ന്ന സംസാരത്തിലൂടെയും അവതരണത്തിലൂടെയും സുബി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
ഇപ്പോഴിതാ അന്തരിച്ച സുബി സുരേഷിന്റെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള ഒരപൂര്‍വാനുഭവം പങ്കിടുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഒരു ചടങ്ങിനിടെ നടന്ന അപ്രതീക്ഷിതമായി സംഭവത്തെക്കുറിച്ചാണ് ലാല്‍ ജോസ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
‘‘2023-ല്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ സുബിയെ മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. സ്റ്റേജില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിച്ചിരുന്ന, പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കലാകാരിയെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല.
സംഭവം നടന്നത് ‘മീശമാധവന്‍’ എന്ന ചിത്രത്തിന്റെ 202-ാം ദിവസത്തെ വിജയാഘോഷവും ഞാന്‍ സംവിധാനം ചെയ്ത ‘പട്ടാളം’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും ഒരേ ദിവസം കൊച്ചിയില്‍ നടന്ന വലിയൊരു പരിപാടിയിലാണ്. മെഗാ സ്റ്റാറുകളായ മമ്മൂട്ടി, ദാസേട്ടന്‍ അടക്കമുള്ളവരുണ്ട്. മീശ മാധവനില്‍ അഭിനയിച്ച ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയ പ്രമുഖര്‍ വേദിയില്‍ അണിനിരന്ന ചടങ്ങായിരുന്നു അത്. ദീര്‍ഘിച്ച ഒരു പരിപാടിയായിരുന്നു അത്. എന്റെ അസിസ്റ്റന്റ്സ് ഒക്കെയുണ്ടായിരുന്നു ഈ പരിപാടിയ്ക്കെങ്കിലും ടൈം മാനേജ്മെന്റിന്റെ കാര്യത്തിലടക്കം ചില അപാകതകള്‍ സംഭവിച്ചിരുന്നു.
പരിപാടികള്‍ക്ക് ആളുകളെ സ്വാഗതം ചെയ്ത ശേഷം, ഞാന്‍ സ്റ്റേജിന്റെ ഒരു വശത്തുള്ള ഗ്രീന്‍ റൂമിനടുത്തിരുന്ന് ചില കുറിപ്പുകള്‍ എഴുതുകയായിരുന്നു. അതേസമയം, സുബിയും ടിനിയും ചേര്‍ന്ന് ഒരു സ്‌കിറ്റ് അവതരിപ്പിക്കുകയായിരുന്നു. അടുത്ത രംഗത്തിനായി വേഷം മാറുന്നതിന് സുബി ധൃതിയില്‍ ഗ്രീന്‍ റൂമിലേക്ക് ഓടിയെത്തി. ഞാന്‍ അവിടെ ഇരിക്കുന്നത് സുബി കണ്ടിരുന്നില്ല. വന്നയുടന്‍ അവള്‍ ധരിച്ചിരുന്ന നൈറ്റി ഊരിമാറ്റിയപ്പോഴാണ് എന്നെ കാണുന്നത്.
ഒരൊറ്റ നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാനും സുബിയും ഞെട്ടിപ്പോയി. എനിക്ക് പെട്ടെന്ന് അവിടെ നിന്ന് മാറിപ്പോകാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍, കൂടുതല്‍ ഒന്നും ചിന്തിക്കാതെ, അടുത്ത കോസ്റ്റ്യൂം എടുത്ത് സുബി വേദിയിലേക്ക് മടങ്ങി. അന്ന് സുബി ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നു. എങ്കിലും ഒരു പെണ്‍കുട്ടിക്ക്, അന്യപുരുഷന്റെ മുന്നില്‍ വെച്ച് അപ്രതീക്ഷിതമായി വസ്ത്രം മാറേണ്ടി വരുന്ന സാഹചര്യം വളരെ വിഷമം പിടിച്ച ഒന്നാണെങ്കിലും, സുബി ആ നിമിഷം പ്രൊഫഷണലായി കൈകാര്യം ചെയ്തു. എന്ത് സംഭവിച്ചാലും വേദിയില്‍ തിരിച്ചു കയറേണ്ടതാണെന്ന ഒരു ആര്‍ട്ടിസ്റ്റിന്റെ പ്രെസന്‍സ് ഓഫ് മൈന്‍ഡാണ് ആ സമയത്ത് സുബിയില്‍ ഞാന്‍ കണ്ടത്.
വിദേശയാത്രകള്‍ക്കിടയിലും എയര്‍പോര്‍ട്ടില്‍ വച്ചും സുബിയെ ഇടയ്ക്കിടെ കാണുമായിരുന്നു. കാണുമ്പോള്‍ ചിരിക്കും വിശേഷങ്ങള്‍ ചോദിക്കും. വര്‍ഷങ്ങള്‍ക്കിപ്പുറം ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയില്‍ ജഗതി ചേട്ടനൊപ്പം ഹ്യമറടക്കം ചെയ്ത് പിടിച്ചു നില്‍ക്കേണ്ട ഒരു കഥാപാത്രം. അതിനായി മറ്റൊരു ആര്‍ട്ടിസ്റ്റിനെ എനിക്ക് മനസ്സില്‍ പോലും തോന്നിയില്ല. സുബിയെ തന്നെയാണ് വിളിച്ചത്. സുബി വന്ന് വളരെ മനോഹരമായി അത് ചെയ്യുകയും ചെയ്തു. സുബിയുടെ ആ തമാശകളൊക്കെ തിയേററ്റില്‍ വര്‍ക്കൗട്ടാകുകയും ചെയ്തു...’’ ലാല്‍ ജോസ് പറഞ്ഞു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നത്. ‘വളരെ നല്ല വിവരണം. എല്ലാം ഒരു സ്‌ക്രീനിൽ കാണുന്നത് പോലെ തോന്നി,അതിൽ നൊമ്പരമായി സുബിയും, ഹൃദയസ്പർശിയായ വിവരണം,പാവം.. നേരത്തെ പോയി...’ എന്നതടക്കമാണ് കമന്റുകള്‍.