-->
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകന്‍ ആയിരുന്നു വില്ലന്‍. വിനായകന്റെ കട്ട വില്ലനിസത്തിന് കിട്ടിയത് വലിയ കയ്യടികളാണ്. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വര്‍മന്‍.
ജയിലര്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. നെല്‍സണ്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ജയിലര്‍ 2ല്‍ താനുമുണ്ടെന്ന് പറയുകയാണ് വിനായകന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
''ജയിലര്‍ ടുവില്‍ ഞാനുമുണ്ട്. എന്താണ് എങ്ങനെയാണ് എന്നൊന്നും എന്നോട് ചോദിക്കരുത്. ആരോടും പറയരുതെന്ന് പ്രത്യേകം അവര്‍ പറഞ്ഞേല്‍പ്പിച്ചിരിക്കുകയാണ്'' എന്നാണ് വിനായകന്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരന്നിരുന്നു. മലയാളത്തില്‍ നിന്നും സുരാജ് വെഞ്ഞാറമൂട്, അന്ന രാജന്‍, ഷൈന്‍ ടോം ചാക്കോ, കോട്ടയം നസീര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.