-->
അവയവദാന ഏജൻസിയായ കെ.സോട്ടോയെ വിമർശിച്ച് പോസ്റ്റിട്ട ഡോ. മോഹൻദാസ് കെ. സോട്ടോയിൽ നിന്ന് രാജിവച്ചു. ആരോഗ്യവകുപ്പ് പദ്ധതിയെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണം ചോദിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാണ് രാജിപ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹൻദാസ്. കെ.സോട്ടോയുടെ സൗത്ത് സോൺ നോഡൽ ഓഫീസർ പദവിയിൽ നിന്നാണ് രാജിവെച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം ഡോ.ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയതിന് പിന്നാലെ കെ.സോട്ടോയെ വിമർശിച്ച് ഡോ.മോഹൻദാസും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കെ.സോട്ടോ പ്രവർത്തനം പരാജയമെന്നായിരുന്നു വിമർശനം. പോസ്റ്റ് ചർച്ചയായതോടെ ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ചു.
കഴിഞ്ഞ ആഗസ്റ്റിലാണ് കെ. സോട്ടോ പരാജയമാണെന്ന് വ്യക്തമാക്കി ഡോ. മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിട്ടത്. പരസ്യവിമർശനങ്ങൾ തുടർച്ചയായതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരണം വിഷയം ഉന്നയിക്കരുതെന്ന് കാട്ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ സർക്കുലറും ഇറക്കിയിരുന്നു. അന്നത്തെ ഫേസ്ബുക്ക് കുറിപ്പിൽ ആരോഗ്യവകുപ്പ് ഡോ. മോഹൻദാസിനോട് വിശദീകരണം തേടിയിരുന്നു. സർക്കാരിനെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരണം നൽകിയതിന് ശേഷമാണ് കെ. സോട്ടോയിൽ നിന്നും ഇപ്പോള്‍ ഡോ. മോഹൻദാസ് രാജിവെച്ചത്.