-->
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രം ‘ചിത്രം’ സിനിമ, മലയാള സിനിമയുടെ കൊമേഴ്യൽ ചേരുവകൾ എല്ലാം തികച്ച് അണിയിച്ചൊരുക്കിയതാണ്. 1988 ഡിസംബർ 23നാണ് തിയേറ്ററുകളിലെത്തിയ ചിത്രം 366 ദിവസങ്ങളാണ് തുടർച്ചയായി പ്രേക്ഷകർ കണ്ടത്. കേരളത്തിലെ എ, ബി, സി ക്ലാസ് തിയേറ്ററുകളിൽ സിനിമയ്ക്ക് ഒരുപോലെ പ്രേക്ഷകരുണ്ടായി.
ഒരല്പം കണ്ണീരോടെ പൂർണ്ണ സംതൃപ്തിയോടെ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നര്‍മ്മരംഗങ്ങള്‍ക്കുള്‍പ്പടെ എല്ലാം ഒത്തിണിങ്ങിയതാണ് ഇന്നും ഈ സിനിമ. നൂറ്-ഇരുനൂറ് കോടി ക്ലബ്ബുകള്‍ പുതിയകാല സിനിമയ്ക്ക് അലങ്കാരമാകുന്ന ഇക്കാലത്ത് മലയാളികളുടെ ഹൃദയത്തിലാണ് ‘ചിത്രം’ പതിഞ്ഞത്. ലാലേട്ടന്റെ കുസൃതി നിറഞ്ഞ ചിരിയും വിങ്ങുന്ന ഓർമ്മകളും ഇന്നും മലയാളികളുടെ നെഞ്ചില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ഇപ്പോഴിതാ മലയാളികള്‍ക്ക് മറക്കാനാവാത്ത ഈ എവര്‍ഗ്രീന്‍ സിനിമയ്ക്ക് ന്യൂ ജെന്‍ മേക്കോവര്‍ കൊണ്ടുവരുകയാണ് സോഷ്യല്‍ മീഡിയ. മോഹന്‍ലാലിന്റെ സ്ഥാനത്ത് മോളിവുഡിന്റെ ന്യുജെൻ താരം നസ്ലനും രഞ്ജിനിയായി മമിത ബൈജുവുമാണ് പുതിയ ‘ചിത്ര’ത്തിലേക്ക് സൈബര്‍ മീഡിയ കൊണ്ടുവന്നിരിക്കുന്നത്. വിഷ്ണുവും കല്യാണിയുമായി നസ്ലനും രഞ്ജിനിയും വേഷമിടുന്ന ഒരു കിടിലൻ എഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ‘‘ചിത്രം എന്ന സിനിമ 2026-ൽ എടുത്തിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ എഐ വീഡിയോ പങ്കിട്ടിരിക്കുന്നത്.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകള്‍ കുറിക്കുന്നത്. ലാലേട്ടനും രഞ്ജിനിയും തകർത്താടിയ കഥാപാത്രങ്ങള്‍ ഇരുവർക്കും ഇണങ്ങുന്നുണ്ടെന്ന് പലരും കുറിക്കുന്നുണ്ടെങ്കിലും വിഷ്ണുവിനും കല്യാണിക്കും ഇവര്‍ പകരക്കാര്‍ ആവില്ലെന്നാണ് ആരാധകര്‍ കുറിക്കുന്നത്. സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ അടക്കമുള്ളവർ പോസ്റ്റില്‍ കമന്റു ചെയ്തിട്ടുണ്ട്. ‘ഇവർ ചിരിപ്പിക്കും പക്ഷെ കരയിപ്പിക്കില്ല’, നടക്കില്ല... ചെയ്തു വച്ച ആള് വേറെ ആണ്, ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം, ചിത്രം എന്ന മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക്കിന് പകരമാകാൻ കഴിയില്ലെങ്കിലും ഈ എഐ പരീക്ഷണം ഒരു ഒന്നൊന്നര ‘ഫീല്‍ ഗുഡ്’ അനുഭവം തരുന്നുണ്ടെന്ന് പറയാതെ വയ്യ...’ എന്നതടക്കമാണ് കമന്റുകള്‍.
മോഹൻലാലിനൊപ്പം രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസൻ, പൂർണ്ണം വിശ്വനാഥൻ, സുകുമാരി, മണിയൻ പിള്ള രാജു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന സിനിമയായിരുന്നു ചിത്രം. ശ്രീനിവാസന്റെ കഥയ്ക്ക് പ്രിയദർശൻ തിരക്കഥ രചിച്ച ചിത്രം പിന്നീട് ‘ചോരി ചോരി’ എന്ന പേരില്‍ മിഥുൻ ചക്രവർത്തിയെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു.