-->
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റില്‍ മരണസംഖ്യ 200 ആയി. 150 ഓളം പേരെ കാണാതായി. ഇരുപത് ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇന്ത്യന്‍ നാവിക സേനയുടെ മൂന്നു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.
മഴ കുറയുന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൊളംബോയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 16 വരെ രാജ്യത്ത് സ്‌കൂളുകള്‍ അടച്ചിടും. കൊളംബോ തുറമുഖം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകള്‍ തകര്‍ന്നതായാണ് കണക്കുകള്‍. 774,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 100,000 പേരെ 798 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
ഡിറ്റ് വാ സ്വാധീനത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഏക്കറുകണക്കിനു കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാനസര്‍വീസുകള്‍ റദ്ദാക്കി.
കടലോര മേഖലയ്ക്ക് 25 കിലോമീറ്റര്‍ അടുത്തുവരെ മാത്രം കാറ്റെത്തും. അതിന് ശേഷം ദുര്‍ബലമാകും. കാറ്റിന്റെ മധ്യഭാഗം കടലില്‍ തന്നെ തുടരും. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുകയെന്നാണ് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ചെന്നൈ അടക്കം ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുകാടി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളം കയറി.