-->
മകന്‍ പൃഥ്വിരാജ് സുകുമാരനെ സിനിമാ വ്യവസായത്തിനകത്തുളളവര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും, ' വിലായത്ത് ബുദ്ധ' എന്ന പുതിയ ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഇതിന്റെ ഭാഗമാണെന്നും നടി മല്ലിക സുകുമാരന്‍. ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൃഥ്വിരാജ് ആണ് ആക്രമണകാരികളുടെ പ്രധാന ലക്ഷ്യമെന്നും, അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ സിനിമാ സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ശക്തമായ പിന്തുണ ലഭിക്കുന്നില്ലെന്നും മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു. തന്റെ ചോദ്യങ്ങള്‍ക്ക് സംഘടനകളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൃത്യമായ മറുപടിയില്ല. നടനെന്ന നിലയില്‍ പൃഥ്വിരാജിനെ തകര്‍ക്കാനാണ് ചിലരുടെ ശ്രമം. ഇതിനു പിന്നില്‍ സിനിമാ ഇന്‍ഡസ്ട്രിയിലുളളവര്‍ തന്നെയാണെന്നും അവര്‍ ആരോപിച്ചു.
“പൃഥ്വിരാജിനെതിരെ ആക്രമണം വരുമ്പോൾ എതിർത്ത് പറയാനിവിടെ സംഘടനകളും വ്യക്തികളുമൊക്കെ കുറവാണ്. ഞാൻ നോക്കുമ്പോൾ വെറുതേ ഇങ്ങനെ തെറി പറയുകയാണ്. പൃഥ്വിയാണ് അവരുടെ പ്രധാന ലക്ഷ്യം. സിനിമ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കണം. ഇല്ലെങ്കിൽ എനിക്ക് പറയാൻ കഴിയുന്നിടത്തെല്ലാം ഞാൻ പറയും,” മല്ലിക സുകുമാരൻ പറഞ്ഞു. കൂടാതെ, നടൻ ഷമ്മി തിലകൻ സിനിമയിലേക്ക് തിരിച്ചുവരുന്നതിൽ പോലും ചിലർക്ക് എതിർപ്പുണ്ടെന്നും മല്ലിക ചൂണ്ടിക്കാട്ടി. ആർട്ടിസ്റ്റുകളുടെ സംഘടന എല്ലാ കലാകാരന്മാരുടെയും ഒപ്പം ഒരുപോലെ നിൽക്കേണ്ടതുണ്ട്. സൈബർ ആക്രമണം നടത്തിയവരുടെ ഐഡി ഉൾപ്പെടെ താൻ ശേഖരിച്ചതായും അവർ വെളിപ്പെടുത്തി.
ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് ' വിലായത്ത് ബുദ്ധ'. സിനിമയ്‌ക്കെതിരെ മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ ഒരു യൂട്യൂബ് ചാനലിനെതിരെ സിനിമയുടെ നിര്‍മ്മാതാവ് സന്ദീപ് സേനന്‍ കഴിഞ്ഞ ദിവസം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.