-->
ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയ പ്രമുഖ അഭിഭാഷകന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ അഭിഭാഷകന്‍ ശിവ് കുമാര്‍ വര്‍മ(68)യെയാണ് സ്വന്തം വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ മരിച്ച നിരവധി ഇരകളുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചയാളാണ് വര്‍മ. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ് ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
വര്‍മയെ സൈബര്‍ തട്ടിപ്പുകാര്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയും വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തുകയുമായിരുന്നു. സൈബര്‍ തട്ടിപ്പുകള്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ അഭിഭാഷകന്‍ ജീവനൊടുക്കുകയായിരുന്നുവെന്നും ആരോപിക്കപ്പെടുന്നു.
തിങ്കളാഴ്ച വൈകുന്നേരം 7.30നാണ് സംഭവം നടന്നത്. ഈ സമയം ഭാര്യ ഡല്‍ഹിയിലുള്ള മകളുടെ അടുത്തായിരുന്നു. മകന്‍ പൂനെയിലാണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുഴുവന്‍ ഡല്‍ഹിയിലുള്ള ഭാര്യ വര്‍മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അതേ സ്ഥലത്ത് താമസിക്കുന്ന വാടകക്കാരനെ അവര്‍ ബന്ധപ്പെടുകയും അന്വേഷിക്കാന്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വര്‍മയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ച് വര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.വര്‍മയ്ക്കുണ്ടായ വേദനാജനകമായ മാനസികാഘാതം വെളിപ്പെടുത്തുന്ന മരണക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണ ഗൂഢാലോചനയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫോണ്‍ കോള്‍ തനിക്ക് ലഭിച്ചതായി മരണക്കുറിപ്പില്‍ വര്‍മ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് തന്റെ പേരിലുള്ള ഒരു അക്കൗണ്ട് ഉപയോഗിച്ചതായും അസിം ജോജി എന്ന ഭീകരന് പണം അയച്ചതായും ആരോപിക്കപ്പെടുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും വര്‍മ ഭയപ്പെട്ടു.