-->
സുരേഷ് ഗോപി, മോഹന്‍ലാല്‍, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങി മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു ' സമ്മര്‍ ഇന്‍ ബദ്‌ലഹേം' . 27 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സമ്മര്‍ ഇന്‍ ബദ്‌ലഹേമിന്റെ റീ- റിലീസിനോട് അനുബന്ധിച്ച് അന്നത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തില്‍ ബാലതാരമായി അഭനയിച്ച കൃഷ്ണ സംഗീത്. 2001ല്‍ മിച്ച ബാലതാരത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു കൃഷ്ണ.
''ഏഴ് വയസുള്ളൊരു പെണ്‍കുട്ടി, വെറുതെ ഒരു രസത്തിന് അവധിക്കാലം ആഘോഷിക്കാന്‍ വേനല്‍ക്കാലത്ത് ബദ്‌ലഹേമിലേക്ക് പോയി. മഞ്ജു ചേച്ചിയെ ആദ്യമായി കണ്ടത് മുതല്‍, അതേ വര്‍ഷം തന്നെ കണ്ണെഴുതി പൊട്ടും തൊട്ടില്‍ അവരുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് വരെയുള്ള ആ വര്‍ഷത്തെ ഓര്‍മകള്‍ ഞാന്‍ എന്നും താലോലിക്കും. മഞ്ജു ചേച്ചി, നിങ്ങള്‍ ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതേ സ്‌നേഹം, അതേ അടുപ്പം. നിങ്ങളായിരിക്കുന്നതിന് നന്ദി ചേച്ചി. ഞാന്‍ എന്നും നിങ്ങളുടെ കുഞ്ഞനുജത്തിയായിരിക്കും.
നന്ദി സിബിയങ്കിള്‍, നന്ദി സിയാദ് അങ്കിള്‍. നിങ്ങളെ വീണ്ടും കണ്ടപ്പോള്‍ സമയമിത്രയും കടന്നു പോയതായി തോന്നിയതേയില്ല. എന്നെന്നും കടപ്പെട്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട അംസു സ്റ്റെഫാന്‍, നിവിയ വില്‍സണ്‍ ചേച്ചിമാര്‍, നിങ്ങളെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ഇപ്പോള്‍, 27 വര്‍ഷങ്ങള്‍ക്ക് ശേഷം, സിനിമ റീ-റിലീസിന് തയ്യാറെടുക്കുമ്പോള്‍ ആ കൊച്ചുപെണ്ണിന് ഇന്ന് 34 വയസാണ്. ആ നിമിഷങ്ങളുട മൂല്യവും അന്ന് കൂടെയുണ്ടായിരുന്നു ഇതിഹാസങ്ങളേയും ആ കുടുംബത്തിന്റെ ഊഷ്മളതയും മാന്ത്രികതയുമൊക്കെ ഇന്ന് അവര്‍ ശരിക്കും മനസിലാക്കുന്നുണ്ട്.'' എന്നാണ് കൃഷ്ണ സംഗീത പറയുന്നത്. ഡിസംബര്‍ 12 നാണ് സമ്മര്‍ ഇന്‍ ബദ്ലഹേം റീ- റിലീസ് ചെയ്യുന്നത്.