-->
മലയാള സിനിമയിലും മിമിക്രി, സ്കിറ്റ് രംഗത്തും നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ഹരീഷ് കണാരൻ. താരമില്ലാത്ത മലയാള സിനിമയിൽ ഒരുകാലത്ത് ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാലത് അതിശയോക്തിയാകില്ല. സെറ്റിൽ നിന്നും സെറ്റുകളിലേക്ക് യാത്ര ചെയ്തിരുന്ന ഹരീഷിനെ ഇങ്ങനെ എല്ലാ സിനിമകളിലും നിറഞ്ഞു നിന്നിരുന്നതിന്റെ പേരിൽ സുഹൃത്തുക്കളടക്കം കളിയാക്കിയിരുന്ന കാലമുണ്ടായിരുന്നു.
കോഴിക്കോടിന്റെ തനതു ശൈലിയിൽ ഹരീഷ് പറയുന്ന തമാശകളാണ് താരത്തെ മലയാള സിനിമയിൽ സജീവമാക്കി നിർത്തിയത്. താരത്തിന്റെ പല തമാശകളും മലയാളികളുടെ നിത്യ സംഭാഷണത്തിൽ പോലും കടന്നുകൂടിയിട്ടുണ്ട്. ഇന്നും സോഷ്യല്‍ മീഡിയയില്‍ ഹരീഷിന്റെ കോമഡി സീനുകൾ വൈറലാണ്. പക്ഷേ പെട്ടെന്നൊരു ദിവസം ഹരീഷിനെ മലയാള സിനിമയിൽ കാണാതായി.
ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ കാരണമാണ് തനിക്ക് സിനിമകള്‍ കുറയുന്നതെന്ന ആരോപണം ഉന്നയിക്കുകയാണ് ഹരീഷ് കണാരൻ. 20 ലക്ഷത്തോളം രൂപ ബാദുഷയ്ക്ക് കടമായി നല്‍കിയിരുന്നെന്നും എന്നാല്‍ ആ തുക തിരിച്ചു നല്‍കിയില്ല എന്നു മാത്രമല്ല ഇത് പരാതിപ്പെട്ടതിന്റെ പേരില്‍ സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് ഹരീഷ് പറയുന്നത്.
‘‘സിനിമയിൽ എനിക്ക് നല്ല തിരക്കുള്ള സമയമായിരുന്നു അന്ന്. ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരുന്ന സമയം. അന്ന് ഞാൻ അമ്മ സംഘടനയിൽ അംഗത്വം എടുത്തിട്ടുണ്ടായിരുന്നില്ല. അപ്പോൾ ഇടവേള ബാബു എന്നെ വിളിച്ചിട്ട് അംഗത്വം എടുക്കണം അല്ലെങ്കിൽ നിന്റെ പ്രശ്നം തീർക്കാൻ മാത്രമേ എനിക്ക് സമയമുണ്ടാകൂ എന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ ഡേറ്റും കാര്യങ്ങളും മാനേജ് ചെയ്തോളാം എന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ വരുന്നത്. അന്ന് അത്രയും സിനിമകൾ ചെയ്യുന്നതുകൊണ്ട് അയാളെ ഏൽപ്പിച്ചു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
പിന്നീട് ഒരു ഘട്ടത്തിൽ ഞാൻ 20 ലക്ഷം രൂപ അയാൾക്ക് കടമായി നൽകി. നാല് വർഷം ഞാൻ ആ പണം തിരികെ ചോദിച്ചതേയില്ല. എന്റെ വീടുപണി തുടങ്ങിയ സമയത്ത് ഞാൻ ആ പണം തിരികെ ചോദിച്ചു. അപ്പോൾ അയാള്‍ ഓരോ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി. ഞാൻ അമ്മയിൽ പരാതി നൽകി. ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആള്‍ സമ്മതിച്ചു. സമാനരീതിയില്‍ പലരും പരാതി പറയുന്നുണ്ട്, ഹരീഷ് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങാൻ നോക്ക് എന്നായിരുന്നു ഇടവേള ബാബു ചേട്ടന്‍ പറഞ്ഞത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നിട്ടും കിട്ടിയില്ല.
പിന്നീട് എനിക്ക് ഡേറ്റ് തന്ന പടങ്ങളൊന്നും ഇല്ല. ആരും വിളിക്കുന്നുമില്ല. രണ്ടാമത് സിനിമകളിലേക്ക് വന്നുതുടങ്ങിയപ്പോഴാണ് ഞാൻ കഥകൾ അറിയുന്നത്. പലയിടത്തും എന്നെപ്പറ്റി നെഗറ്റീവ് കഥകൾ പ്രചരിപ്പിച്ചിരുന്നു. ഞാൻ സമയത്ത് വരില്ല, എറണാകുളത്ത് ഷൂട്ട് ഉണ്ടെങ്കിൽ ഉച്ചയ്ക്ക് കോഴിക്കോട്ടെ വീട്ടിൽ പോയിട്ടേ ഭക്ഷണം കഴിക്കൂ എന്നു വരെ പലരോടും പറഞ്ഞു എന്നാണ് അറിഞ്ഞത്. എനിക്കും അറിയില്ല ഇത് എങ്ങനെയാണെന്ന്. ഞാൻ വിചാരിച്ചത് കോവിഡിന് ശേഷം തമാശകളുടെ സ്വഭാവം മാറിയതുകൊണ്ട് നമ്മളെയൊന്നും വിളിക്കാത്തതാവും എന്നാണ്.
ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കായി 40 ദിവസത്തെ ഡേറ്റ് ചോദിച്ചു വാങ്ങിയെങ്കിലും അവസരം നല്‍കിയില്ല. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. അപ്പോഴേക്കും എആർഎം ഷൂട്ടിംഗ് തുടങ്ങി. ‘അജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീടൊരിക്കല്‍ ടൊവിനോയെ കണ്ടപ്പോള്‍ ‘ചേട്ടനെന്താ നമ്മുടെ പടത്തില്‍ വരാത്തതെ’ന്ന് ചോദിച്ചു. ‘ചേട്ടന് ഡേറ്റ് ഇല്ലെന്നാ’ണ് പറഞ്ഞത്. ഞാൻ പറഞ്ഞു എനിക്ക് ഡേറ്റുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നല്ലോ എന്ന്. ഇതിന്റെ വാർത്ത പുറത്തുവന്നപ്പോള്‍ എആർഎം ഡയറക്ടർ വിളിച്ചിട്ട്, ചേട്ടനെ വിളിച്ചിട്ട് ഒരു റെസ്പോണ്‍സുമില്ല, കോളെടുക്കുന്നില്ല എന്നാണ് ബാദുഷ പറഞ്ഞതെന്ന് പറഞ്ഞു. ഇത്തരത്തില്‍ ഒരുപാട് സിനിമകള്‍ നഷ്ടമായി.
ഞാൻ ഒരാളെ സഹായിക്കുകയായിരുന്നു, അയാള്‍ക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. ഒരാളുടെ അന്നം മുടക്കേണ്ട കാര്യമില്ലല്ലോ, അയാള്‍ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചാല്‍ പോരെ. ഡേറ്റ് തരാമെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് പോയി ചോദിച്ചതല്ല.
പലരും എന്നോട് പേര് പറയാൻ ആവശ്യപ്പെട്ടു. ബാദുഷയാണ് ആ വ്യക്തി. ഞാന്‍ അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണ്. ഇതിപ്പോ പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകളേ ഇല്ലാതായേക്കാം, ഞാൻ പ്രോഗ്രാം ചെയ്തു ജീവിച്ചോളാം. നമ്മളൊരു ഉപകാരം ചെയ്ത ആളില്‍ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായതിലാണ് വിഷമം...’’ ഹരീഷ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് കണാരന്‍ ഇത് വെളിപ്പെടുത്തിയത്. കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റി നിർത്താൻ ഇടപെടുന്നതെന്ന് ഹരീഷ് മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
ഹരീഷ് കണാരനെ സിനിമയില്‍ കാണാത്തതിന്റെ കാരണങ്ങളായി പല കഥകളും പ്രചരിച്ചിരുന്നു. താരത്തിന് മാരക രോഗം പിടിപെട്ടു എന്നുവരെ പ്രചാരണങ്ങളുണ്ടായി. പക്ഷേ സിനിമകൾ ഇല്ലാതെ വന്നതിന് പ്രധാന കാരണം മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുടെ ചതിയാണെന്ന് മുന്‍പ് ഹരീഷ് പറഞ്ഞിരുന്നു. അന്ന് അതാരാണെന്ന് താരം പറഞ്ഞിരുന്നില്ല. ഇപ്പോഴാണ് താരം നിര്‍മ്മാതാവിന്റെ പേര് വെളിപ്പെടുത്തിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘മധുര കണക്ക്’ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ്, ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.