-->
അന്തരിച്ച ഇതിഹാസ താരം ധര്‍മേന്ദ്രയെ അനുസ്മരിച്ച് നടന്‍ അക്ഷയ് കുമാര്‍. എല്ലാവരും ആകാന്‍ ആഗ്രഹിച്ച നായകനായിരുന്നു ധര്‍മേന്ദ്ര ജിയെന്ന് അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ യഥാര്‍ത്ഥ ഹീ- മാന്‍ ആയിരുന്നു അദ്ദേഹം. തലമുറകള്‍ക്ക് പ്രചോദനമായതിന് നന്ദി. നിങ്ങളുടെ സിനിമകളിലൂടെയും നല്‍കിയ സ്‌നേഹത്തിലൂടെയും നിങ്ങള്‍ ജീവിക്കും. അക്ഷയ് കുമാര്‍ പറഞ്ഞു.
നടന്‍ സഞ്ജയ് ദത്തും ധര്‍മേന്ദ്രയെ അനുസ്മരിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു. ' ചിലയാളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒപ്പം പ്രവര്‍ത്തിക്കുക മാത്രമല്ല ഹൃദയത്തിലും ജീവിക്കും. ധരം ജി ( ധര്‍മേന്ദ്ര) അതിലൊരാളായിരുന്നു. വിവരിക്കാനാവാത്ത ശൂന്യതയാണിത്. എന്റെ ചിന്തകള്‍ സണ്ണിക്കും, ബോബിക്കും മുഴുവന്‍ കുടുംബത്തിനുമൊപ്പമാണ്' , സഞ്ജയ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയായിരുന്നു ധര്‍മേന്ദ്രയുടെ മരണം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒക്‌ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. 89 വയസ്സായിരുന്നു. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു തൊണ്ണൂറാം പിറന്നാള്‍.