-->
ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുള്ള പുകപടലം ഇന്ത്യന്‍ മേഖലയ്ക്കു നേരെ സഞ്ചരിക്കുന്നത് മണിക്കൂറില്‍ 100 മുതല്‍ 120 വരെ കി.മീ വേഗത്തില്‍. 15,000നും 45,000നും അടി ഉയരത്തിലുമാണ് ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും പൊടിയും ഉള്‍പ്പെടുന്ന പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത്. സര്‍വിസുകള്‍ തടസ്സപ്പെടുന്ന സാഹചര്യം കൈകാര്യം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. അന്തരീക്ഷത്തില്‍ ചാരത്തിന്റെ അളവ് വര്‍ധിക്കുന്നത് വിമാന എന്‍ജിനുകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുമെന്നതിനാലാണ് മുന്‍കരുതല്‍ നടപടികള്‍.
പുകപടലം ഗുജറാത്തിനു മുകളിലേക്കു കടന്നിരിക്കുകയാണ്. തുടര്‍ന്ന് കിഴക്കുഭാഗത്തേയ്ക്ക് രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് ഭാഗങ്ങളിലേക്ക് നീങ്ങും. ശേഷം ഹിമാലയന്‍ മേഖലയിലേക്കു കടക്കുമെന്നാണു നിഗമനം. കടുത്ത വായുമലിനീകരണത്തില്‍ പ്രയാസത്തിലുള്ള ഡല്‍ഹിക്കു മേല്‍ പുകപടലം കൂടിയെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.
റണ്‍വേകളിലും ടാക്‌സിവേകളിലും നിരന്തര നിരീക്ഷണം നടത്താനും അമിതമായ ചാരത്തിന്റെ അളവ് കണ്ടാല്‍ ഉടന്‍ വൃത്തിയാക്കാനും വിമാനത്താവളങ്ങള്‍ക്കു നിര്‍ദേശമുണ്ട്. ഇന്നലെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. വൈകിട്ട് 6.25ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയര്‍ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇന്‍ഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി. ദുബൈകൊച്ചി ഇന്‍ഡിഗോ വിമാനം, കൊച്ചിദുബൈ ഇന്‍ഡിഗോ വിമാനം, കൊച്ചിജിദ്ദ ആകാശ എയര്‍ വിമാനം എന്നിവ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.