-->
ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ മാള്‍ട്ടി ചേട്ടത്തി എന്ന കഥാപാത്രമായി അഭിനയിച്ച മേഘാലയന്‍ കലാകാരി ബിയാന മോമിനുമൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലുളള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടിയും അദര്‍ ലാംഗ്വേജ് ആര്‍ട്ടിസ്റ്റ് ട്രെയ്‌നറുമായ അഞ്ജലി സത്യനാഥ്. ബിയാനയുടെ പ്രകടനത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഈ ചിത്രം തനിക്കൊരു പുതിയ തുടക്കമാണെന്നും അഞ്ജലി കുറിച്ചു.
‘പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച എക്കോ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. അന്യഭാഷയില്‍ നിന്നുളള ഒരു കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരാളെന്ന നിലയില്‍ എന്റെ ആദ്യത്തെ സിനിമയായിരുന്നു ഇത്. ആ യാത്ര ശരിക്കും വര്‍ണ്ണനാതീതമായ ഒരു അനുഭവമായിരുന്നു. മ്ലാത്തി ചേടത്തിയെ അതിമനോഹരമായി അവതരിപ്പിച്ച ഏറെ പ്രിയപ്പെട്ട ബിയാന മോമിനെ ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചതിന് എന്റെ ഗുരുനാഥന്‍ ഷാഫിക്ക (ഷാഫി ചെമ്മാട്), ദിന്‍ജിത്തേട്ടന്‍ (ദിന്‍ജിത്ത് അയ്യത്താന്‍) , ബാഹുലേട്ടന്‍ (ബാഹുല്‍ രമേശ്) ജയരാമേട്ടന്‍ എന്നിവരോടുളള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസമാണ് എനിക്ക് എല്ലാം.
ജോബിന്‍ ജോണ്‍ വര്‍ഗീസ്, ദ്വാരകേഷ് എന്നിവര്‍ക്ക് പ്രത്യേക നന്ദി. നിങ്ങള്‍ രണ്ടുപേരും കൂടെയില്ലായിരുന്നെങ്കില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഈ 45 ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഓര്‍മ്മയായിരിക്കും. നന്ദി, സ്‌നേഹം . പുതിയ തുടക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു’ അഞ്ജലി കുറിച്ചു.
സൂഫിയും സുജാതയും , ഒരു തെക്കന്‍ തല്ലുകേസ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുളള അഞ്ജലി സത്യനാഥ് ഒരു അധ്യാപികകൂടിയാണ്. താരത്തിന്റെ തെക്കന്‍ തല്ലുകേസിലെ ചന്ദ്രിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.