-->
മലയാള സിനിമയില്‍ കരുത്തുറ്റ നായിക വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് വാണി വിശ്വനാഥ്. മുന്‍നിര താരങ്ങള്‍ക്കൊപ്പം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത് വാണി വെള്ളിത്തിരയില്‍ തിളങ്ങി നിന്നിട്ടുണ്ട്. ബോള്‍ഡ് കഥാപാത്രങ്ങളാണ് കൂടുതലും വാണി ചെയ്തിരുന്നത്. നടന്‍ ബാബുരാജിനെ വിവാഹം ചെയ്ത വാണി, വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം നിലവില്‍ അഭിനയരംഗത്ത് വീണ്ടും സജീവമായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമായാത്രയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറയുകയാണ് വാണി വിശ്വനാഥ്. നായികമാരേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് നായകന്മാരുടെ കഥാപാത്രവും അഭിനയവുമാണ്, മണിച്ചിത്രത്താഴില്‍ ശോഭനയുടെ കഥാപാത്രത്തേക്കാള്‍ ശ്രദ്ധിച്ചത് മോഹന്‍ലാലിന്റെ കഥാപാത്രമായിരുന്നു എന്ന് പറയുകയാണ് വാണി.
‘‘സിനിമയിലെ വാണി വിശ്വനാഥും ജീവിതത്തിലെ വാണി വിശ്വനാഥും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാൻ ജീവിതത്തില്‍ വളരെ ബോള്‍ഡായ വ്യക്തിയാണ്. ചെറുപ്പകാലത്ത് എം.ജി.ആർ, രജനീകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടാണ് ഒരു ഹീറോ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചത്. ‘മണിച്ചിത്രത്താഴ്’ സിനിമയില്‍ ശോഭന ചെയ്ത കഥാപാത്രത്തേക്കാള്‍ മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രമാണ് ഞാന്‍ ചെയ്യാൻ ആഗ്രഹിച്ചത്.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കുമ്പോഴാണ് കൂടുതല്‍ പേടി തോന്നിയത്. അതിനാല്‍ മറ്റ് നടിമാർ ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ല. നായകന്മാരാണ് എനിക്ക് വെല്ലുവിളിയായി വന്നിട്ടുള്ളത്. അവരുടെ അഭിനയം ശ്രദ്ധിക്കുമായിരുന്നു.
സിനിമയില്‍ അഭിനയിക്കുന്ന കാലത്തും പുറംലോകവുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. വിവാഹശേഷം ഈ അവസ്ഥ കൂടുതല്‍ വഷളായി. വിവാഹത്തോടെ ഞാൻ വല്ലാതെ ഉള്‍വലിഞ്ഞു. ഇൻസ്റ്റഗ്രാമോ ഫേസ്ബുക്കോ ഉപയോഗിക്കാത്ത ആദ്യത്തെ നടിയായിരിക്കും ഞാൻ. പുറംലോകം അധികം കാണാറില്ല...’’ വാണി വിശ്വനാഥ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.