-->
ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദര്‍ശിച്ച് കുറിപ്പ് പങ്കുവച്ച് ചലച്ചിത്ര നിര്‍മാതാവ് ബോണി കപൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോണി കപൂര്‍ അഭിനന്ദിച്ചു. രാജ്യത്തിന്റെ ഇപ്പോഴത്തെ ഉരുക്കുമനുഷ്യനാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
'' സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയും ഭാഗ്യവും സ്വപ്‌നസാക്ഷാത്കാരവുമാണ്. ഇതൊരു യഥാര്‍ത്ഥ അത്ഭുതമാണ്. ഈ സൃഷ്ടിയെ ലോകം ബഹുമാനിക്കും. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ കാഴ്ചപ്പാടിലൂടെ സൃഷ്ടിക്കപ്പെട്ട ഈ ലോകം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്ന എല്ലാ ജനങ്ങളാലും ഇത് പ്രശംസിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
സര്‍ദാര്‍ വല്ലഭായ്ജി ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്നു. ഇനിയും അങ്ങനെ തന്നെ ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിതയാത്ര മുഴുവന്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലൂടെ പുനര്‍ജീവിപ്പിച്ചത് ഇന്ത്യയുടെ ഇപ്പോഴത്തെ ഉരുക്കുമനുഷ്യനും നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയുമായ ശ്രീ നരേന്ദ്ര മോദി ജിയുടെ കാഴ്ചപ്പാടാണ്.'' ബോണി കപൂര്‍ ചിത്രങ്ങള്‍ക്കൊപ്പം എഴുതി.
നര്‍മദ നദിക്കരയിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് വിശേഷണമുളള സര്‍ദാര്‍ വല്ലഭായ് പട്ടേലിനുളള ആദരവായാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 2018-ലാണിത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.