-->
ദുല്‍ഖറിനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ' കാന്ത'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സിനിമാ ലോകത്ത് തന്റെ ഗുരുക്കന്മാര്‍ ആരെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദുല്‍ഖര്‍. ആദ്യ ഗുരു വാപ്പച്ചിയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. സംവിധായകന്‍ അന്‍വര്‍ റഷീദിനെയും ഗുരു സ്ഥാനത്താണ് കാണുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.
'ആദ്യത്തെ ഗുരു അച്ഛൻ തന്നെയാണ്. അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല. പിന്നെ സ്കൂളിലും കോളേജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകർ. പിന്നീട് സംവിധായകൻ അൻവർ റഷീദാണ്. ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക.
ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്‌ലർ റിലീസായക്കഴിഞ്ഞാൽ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. 'നന്നായിട്ടുണ്ട്, അടിപൊളിയാവും' എന്നൊക്കായാണ് അദ്ദേഹം പറയുന്നത്. അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അത് മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണ്,' ദുൽഖർ സൽമാൻ പറയുന്നു. കാന്തായുടെ പ്രൊമോഷന്റെ ഭാഗമായി ഹോണസ്റ്റ് ടൗൺഹാളിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുളള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുളള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് കാന്ത നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.