-->
ലഖ്‌നൗ: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേസിലെ 10 പ്രതികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഗൗതം ബുദ്ധ നഗറിലെ അപ്പര്‍ സെഷന്‍സ് കോടതിയെയാണ് സര്‍ക്കാര്‍ സമീപിച്ചത്.
ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിഷാല്‍ റാണയുടെ അടക്കം കേസുകളാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകം, കൊലപാതക ശ്രമം, മനഃപ്പൂര്‍വം ഉപദ്രവിക്കുക, സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മനപൂര്‍വമായ അപമാനം, ഭീഷണി തുടങ്ങിയ കേസുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ഓഗസ്റ്റ് 26നാണ് സംസ്ഥാന സര്‍ക്കാര്‍ ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ സര്‍ക്കാര്‍ കൗണ്‍സലായ ഭഗ് സിങ്ങിന് കേസ് പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ മാസം 15ന് ഭഗ് സിങ്ങ് കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുള്ള അനുമതി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ നല്‍കിയതായും അപേക്ഷയില്‍ നിന്നും വ്യക്തമാണ്.