-->
ബെംഗളൂരു : പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക12 മണിയോടെയായിരുന്നു അന്ത്യം.
1911 ജൂൺ 30 ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്ക ജനിച്ചത്. ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയാണ് ഭർത്താവ്, കുട്ടികളില്ലാത്ത ദുഃഖം മറക്കാനാണ് ചെടികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് തിമ്മക്കയും ഭർത്താവും താമസിച്ചിരുന്നത്.
ബെംഗളൂരു സൗത്തിന്റെ ഭാഗമായ രാമനഗര ജില്ലയിലെഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ തിക്കമ്മ നട്ടുവളർത്തിയിരുന്നു. ഇതിലൂടയാണ് ‘മരങ്ങളുടെ നിര’ എന്നർത്ഥം വരുന്ന ‘സാലുമരദ (വൃക്ഷമാതാവ്) എന്ന പേര് ലഭിച്ചത്. ഔദ്യോഗികമായി വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും തിമ്മക്കയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകത്തിന് മാതൃകയാണ്.2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഹംപി സർവകലാശാലയിൽ നിന്നുള്ള നഡോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ തിക്കമ്മയെ തേടിയെത്തിയിട്ടുണ്ട്.