-->
തൃശൂരില്‍ വ്യാജ ഐജി ചമഞ്ഞ് പൊലീസിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയ പ്രതിക്ക് 10 വർഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ച് കോടതി . പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശിയായ ഭാനുകൃഷ്ണ എന്നുവിളിക്കുന്ന മിഥുനാണ് (28) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപയും 16 പവന്‍റെ സ്വർണാഭരണങ്ങളും കൈക്കലാക്കിയ കേസിലാണ് വിധി. പിഴ ഒടുക്കിയാൽ ആ തുക പരാതിക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ ഒടുക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കണം.
2018 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിനിയുടെ മകന് പൊലീസിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പൊലീസ് ജീപ്പ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാഹനത്തിൽ യൂണിഫോമിൽ പ്രതി ഐജിയെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തി. 5 ലക്ഷം രൂപയും 16 പവൻെറ സ്വർണാഭരണങ്ങളും പ്രതി കൈക്കലാക്കുകയായിരുന്നു.