-->
മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുളള തമിഴ് നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ പ്രൊഡക്ഷന്‍ മാനേജര്‍ സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് സിദ്ധു പനയ്ക്കല്‍ കുറിപ്പില്‍ ഓര്‍ത്തെടുത്തത്.
മോഹന്‍ലാലിനെ അഭിനയത്തിന്റെ സര്‍വകലാശാല എന്നാണ് വിജയ് സേതുപതി വിശേഷിപ്പിച്ചത്.മോഹന്‍ലാല്‍ അഭിനയിക്കുന്നത് തനിക്ക് കാണണമെന്നും അത് കണ്ടു പഠിക്കണമെന്നും വിജയ് സേതുപതി പറഞ്ഞു എന്നാണ് സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നടന്റെ ഈ തുറന്നുപറച്ചില്‍ തനിക്ക് അദ്ദേഹത്തോട് ആദരവ് തോന്നാന്‍ കാരണമായെന്നും സിദ്ധു പനയ്ക്കല്‍ കുറിച്ചു.
സിദ്ധു പനയ്ക്കലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഓരോ സിനിമ കഴിയുമ്പോഴും ചിലപ്പോൾ ചില മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടാകും. ദുഃഖകരമായ സംഭവങ്ങൾ, സന്തോഷം നൽകുന്ന കാര്യങ്ങൾ, അഭിമാനം തോന്നുന്ന മുഹൂർത്തങ്ങൾ അങ്ങിനെ പലതും. ഹൈദ്രാബാദ് രാമോജി ഫിലിംസിറ്റിയിൽ 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന "മരക്കാർ അറബിക്കടലിന്റെ സിംഹം" എന്ന ആശിർവാദ് -പ്രിയദർശൻ സാർ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം . സെറ്റിന് പുറത്ത് ഞാൻ നിൽക്കുമ്പോൾ മുന്നിലൂടെ പോകുന്ന റോഡിൽ ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു.
കാറിൽ നിന്നിറങ്ങി വന്നത് fight മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്. ഞാൻ വർക്ക് ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്."മത്സരം".അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച"പുതിയമുഖം" ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.വിജയ്സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റർ എത്തിയിരിക്കുന്നത്.
മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാർ, നാൻ അവരുടെ പെരിയഫാൻ. അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ട്. എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം.
ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും. പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോൾ.
വൈകീട്ട് അദ്ദേഹം സെറ്റിൽ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്.നേരിട്ടും പ്രിയദർശൻ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും.മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.