Saturday, March 14, 2026 Last Updated 27 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 10.04 AM

‘കാണാൻ വന്നതില്‍ സന്തോഷം; പക്ഷേ വോട്ട് നല്‍കാനാവില്ല, ആശംസയും...’ പ്രചാരണത്തിന് വീട്ടിലെത്തിയ പൂജപ്പുര രാധാകൃഷ്ണനോട് എ.കെ. ആന്റണി

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി താമസിക്കുന്ന ജഗതി വാര്‍ഡിലാണ് നടനായ പൂജപ്പുര രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇപ്പോഴിതാ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീട്ടിലെത്തിയ പൂജപ്പുര രാധാകൃഷ്ണനോടുള്ള എ. കെ. ആന്റണിയുടെ സൗമ്യമായ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
Senior Congress leader A.K. Antony , Actor Poojappura Radhakrishnan
Poojappura Radhakrishnan meets AK antony for votes (Image source: Facebook)

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളവും ചുവടു വയ്ക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം രണ്ടുഘട്ടമായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥനകള്‍ തുടങ്ങിക്കഴിഞ്ഞു. കണ്ടു പരിചയമുള്ള മുഖങ്ങളും ചിരപരിചിതരായ ആളുകളുമൊക്കെയാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് ​വോട്ടു തേടി എത്തുന്നത്. സമ്മതിദായക അവകാശം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് ജനങ്ങളോട് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
എതിര്‍പാര്‍ട്ടികളിലെ ആളുകളോട് പോലും പലരും വോട്ട് അഭ്യര്‍ത്ഥന നടത്താറുണ്ട്. വോട്ട് കിട്ടില്ലെന്ന് അറിയാമായിട്ടു കൂടി തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നിറഞ്ഞ ചിരിയുമായി വോട്ട് തേടിയെത്തുന്ന സ്ഥാനാര്‍ത്ഥികളുടെ ലക്ഷ്യം. സോഷ്യല്‍ മീഡിയയിലൂടെ സ്ഥാനാര്‍ത്ഥികളുടെ വോട്ട് അഭ്യര്‍ത്ഥനകളുടെ വീഡിയോയും നിറയുന്നുണ്ട്.
ഇപ്പോഴിതാ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ വീട്ടിലെത്തി കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്ന ജഗതി വാർഡിലെ ഇടതു സ്ഥാനാർത്ഥിയും നടനുമായ പൂജപ്പുര രാധാകൃഷ്ണന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. എ.കെ. ആന്റണി താമസിക്കുന്ന ജഗതി വാര്‍ഡിലാണ് പൂജപ്പുര രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രാവിലെയാണ് ജഗതിയിലെ എ.കെ. ആന്റണിയുടെ അഞ്ജനം എന്ന വീട്ടിൽ പ്രവര്‍ത്തകര്‍ക്കൊപ്പം പൂജപ്പുര രാധാകൃഷ്ണൻ എത്തിയത്. സ്ഥാനാര്‍ത്ഥിയെ വീട്ടിലേക്ക് ഹൃദ്യമായി സ്വീകരിച്ച എ.കെ. ആന്റണിയുടെ കാലിൽ തൊട്ടാണ് പൂജപ്പുര രാധാകൃഷ്ണൻ അനുഗ്രഹം തേടിയത്. തന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെന്നുമാണ് കൂടിക്കാഴ്ചയോട് എ.കെ. ആന്റണി പ്രതികരിച്ചത്.
‘‘എന്നെ കാണാൻ വന്നതില്‍ സന്തോഷം. എന്നാല്‍, വോട്ട് നല്‍കാനാവില്ല. നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണ്. പക്ഷേ ആശംസിക്കാൻ കഴിയില്ല....’’ എ.കെ. ആന്റണി പറഞ്ഞു.
‘‘കോണ്‍ഗ്രസുകാരനായതു കൊണ്ടാണ് എ.കെ. ആന്റണി അനുഗ്രഹിക്കാത്തത്. എങ്കിലും ഇതെല്ലാം ഇഷ്ടമാണ്. ജനാധിപത്യമല്ലേ. എനിക്ക് രാഷ്ട്രീയ ശത്രുക്കളില്ല. എതിരാളികള്‍ മാത്രമേയുള്ളൂ. ആരോഗ്യകരമായ മത്സരത്തില്‍ ഇത്തരം സന്തോഷങ്ങള്‍ വേണം...’’ മാധ്യമങ്ങ​ളോട് ചിരിച്ച മുഖത്തോടെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. അവിടെ നിന്ന് മടങ്ങിയ പൂജപ്പുര രാധാകൃഷ്ണന്‍ എ.കെ. ആന്റണിയെ കണ്ട് മടങ്ങിയതിന് പിന്നാലെ ശാസ്തമംഗലത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയെ വഴിയില്‍ കണ്ടപ്പോള്‍ കുശലാന്വേഷണം നടത്തി. തുടര്‍ന്ന് പൂജപ്പുര രാധാകൃഷ്ണൻ പ്രചാരണത്തിരക്കിലേക്ക് നീങ്ങി.
തിരുവനന്തപുരം കോർപ്പറേഷനിലേക്കാണ് സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ ജനവിധി തേടാൻ ഒരുങ്ങുന്നത്. ജഗതി വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാധാകൃഷ്ണൻ കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ്. പാർട്ടി ചെയർമാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൂജപ്പുര രാധാകൃഷ്ണൻ. എ.കെ. ആന്റണിയുടെ വീടായ അഞ്ജനത്തിൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്കോട് തിരാക്കാകും. പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സ്ഥാനാർത്ഥികൾ അനുഗ്രഹത്തിനായി ഗേറ്റ് കടന്നെത്തും.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താൻ കച്ചക്കെട്ടിയ സി പി എമ്മിന്റെ സ്ഥാനാർഥി പട്ടിക, ചെറുപ്പവും പരിചയസമ്പത്തും അനുഭവ പരിചയവും കൈമുതലാക്കിയുള്ളതാണ്. അതത് മേഖലകളിൽ പ്രവർത്തിച്ച് പരിചയമുള്ളവരെയും യുവത്വത്തെയും ഒരുപോലെ പരിഗണിച്ചാണ് സി പി എം പട്ടിക പുറത്തിറക്കിയിരിക്കുന്നത്. എൽ ഡി എഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞിട്ടുണ്ട്.
നേരത്തെ കോണ്‍ഗ്രസും, ബി ജെ പിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള എട്ടു സീറ്റിൽ എൽഡിഎഫ് പിന്നീട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സി പി എം 70 സീറ്റിലും സി പി ഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് 2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ ജെ ഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും. ബി ജെ പിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി പി എമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW